ഫയല്‍ ചിത്രം 
India

നീറ്റ് പിജി മുന്നാക്ക സംവരണം; കേസ് അടിയന്തരമായി കേള്‍ക്കണം, കേന്ദ്രം സുപ്രീം കോടതിയില്‍

അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് ഇതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ് പിജി പ്രവേശനത്തിലെ മുന്നാക്ക സംവരണ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അടിയന്തര പ്രാധാന്യമുള്ള വിഷയമാണ് ഇതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. 

സാമ്പത്തിക സംവരണ കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പൊണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു. കേസ് ഉടന്‍ ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിക്കുമെന്ന് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. 

നാളെ ലിസ്റ്റ് ചെയ്യാനായില്ലെങ്കില്‍ മറ്റന്നാളത്തെ പട്ടികയില്‍ എങ്കിലും കേസ് ഉള്‍പ്പെടുത്തണമെന്ന് സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ഥിച്ചു. നാളെയോ മറ്റന്നാളോ കേസ് പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന്, സംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത ഡോക്ടര്‍മാരുടെ സംഘടനയുടെ അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ കോടതിയെ അറിയിച്ചു. 

പരിധി എട്ടു ലക്ഷം തന്നെ

മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അഖിലേന്ത്യാ മെഡിക്കല്‍ ക്വോട്ട പ്രവേശനത്തിനുള്ള 10% മുന്നാക്ക സംവരണം, 27% ഒബിസി സംവരണം എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയിലുള്ള കേസിന്റെ പശ്ചാത്തലത്തിലാണു സത്യവാങ്മൂലം നല്‍കിയത്. 

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി 8 ലക്ഷം രൂപയായി തുടരുമെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും നിലവിലെ നിബന്ധനകള്‍ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകമെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ധനസെക്രട്ടറി അജയ്ഭൂഷണ്‍ പാണ്ഡെ അധ്യക്ഷനായ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

മാറ്റം അടുത്ത വര്‍ഷം പരിഗണിക്കും

അപേക്ഷ നല്‍കുന്നതിന്റെ തൊട്ടു മുന്‍പത്തെ സാമ്പത്തികവര്‍ഷത്തെ വരുമാനമാണു മുന്നാക്ക വിഭാഗത്തിന് കണക്കാക്കുന്നത്. മുന്നാക്ക സംവരണത്തിനുള്ള 8 ലക്ഷം പരിധി ഒബിസി വിഭാഗത്തിലെ മേല്‍ത്തട്ട് പരിധിയായ 8 ലക്ഷത്തെക്കാള്‍ കര്‍ശനമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. മുന്നാക്ക സംവരണത്തിനുള്ള വരുമാനപരിധി 8 ലക്ഷമായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചിരുന്നു. എട്ട് ലക്ഷം രൂപയെന്നതു ന്യായമാണെന്നു സത്യവാങ്മൂലത്തില്‍ സാമൂഹികനീതി വകുപ്പു സെക്രട്ടറി ആര്‍ സുബ്രഹ്മണ്യന്‍ കോടതിയെ അറിയിച്ചു. നിബന്ധനകള്‍ മാറ്റുന്നത് അടുത്ത വര്‍ഷം പരിഗണിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT