ന്യൂഡൽഹി: കാനഡയിൽ വെടിയേറ്റ് മരിച്ച ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകൾ. ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനായിരുന്നു നിജ്ജാറിന്റെ പദ്ധതി. എന്നാൽ ഇന്ത്യയിലേക്ക് എത്താൻ സാധിക്കാതെ വന്നു.
പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) തലവൻ ജഗ്താർ സിങ് താരയുമായി ചേർന്നു പഞ്ചാബിൽ ഭീകരാക്രമണം നടത്താനും പദ്ധതിയുണ്ടായിരുന്നു. ഇതിനായി കാനഡയിൽ മന്ദീപ് സിങ് ധലിവാൾ, സർബ്ജിത് സിങ്, അനുപ്‌വീർ സിങ്, ദർശൻ സിങ് എന്നിവരടങ്ങിയ ഒരു സംഘത്തേയും നിജ്ജാർ വളർത്തിയെടുത്തു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വച്ച് ഇവർക്ക് 2015ൽ ആയുധ പരിശീലനവും നൽകി.
ദേരാ സച്ച സൗദ ആക്രമണം നടക്കാതെ പോയതോടെ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദ്ദേശം നൽകി. പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ തലവൻ അർഷ്ദീപ് സിങ് ഗില്ലിനും ഇയാളുടെ അനുയായികൾക്കുമൊപ്പം നിജ്ജാർ പ്രവർത്തിച്ചതായും രേഖയിലുണ്ട്.
2020ൽ സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു ആരോപിച്ച് അച്ഛനും മനുമായ മനോഹർ ലാൽ അറോര, ജതീന്ദർബീർ സിങ് അറോറ എന്നിവരെ വധിക്കാൻ അർഷ്ദീപിനെയാണ് നിജ്ജാർ ചുമതലപ്പെടുത്തിയത്. ഇതേ വർഷം നവംബറിൽ നടന്ന ആക്രമണത്തിൽ മനോഹർ ലാൽ സ്വന്തം വീട്ടിൽ വച്ച് വെടിയേറ്റു മരിച്ചു. എന്നാൽ മകൻ രക്ഷപ്പെട്ടു. ഇതിനു പ്രതിഫലമായി നിജ്ജാർ കാനഡയിൽ നിന്നു അർഷ്ദീപിനു പണം അയച്ചു കൊടുത്തു.
2021ൽ നിജ്ജാറിന്റെ സ്വദേശമായ ഭാർ സിങ് പുര ഗ്രാമത്തിലെ ഒരു പുരോഹിതനെ കൊല്ലാനും ഇത്തരത്തിൽ നിജ്ജാർ അർഷ്ദീപിനെ നിയോഗിച്ചിരുന്നു. എന്നാൽ പുരോഹിതൻ രക്ഷപ്പെട്ടു.
ഇത്തരത്തിൽ നിരവധി ആക്രമണ പദ്ധതികളും ഭീകര പ്രവർത്തനങ്ങളും പഞ്ചാബിൽ നടപ്പിലാക്കാൻ ഇയാൾ കാനഡയിൽ ഇരുന്നു ചരടു വലിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.
ചെറുപ്പം മുതൽ ഇയാൾ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നു. 1980 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു തുടങ്ങി. 1996ൽ വ്യാജ പാസ്പോർട്ടുമായി കാനഡയിലേക്ക് കുടിയേറി. അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് ആയുധ, സ്ഫോടക വസ്തു പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്.
ഗുർനേക് സിങ് എന്നയാളാണ് നിജ്ജാറിനെ കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് നയിച്ചത്. 1980- 90 കാലത്ത് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ് (കെഎസ്എഫ്) തീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തി. പിന്നീടാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ജഗ്താർ സിങ് താരയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്.
ഇന്ത്യ പത്ത് ലക്ഷം രൂപയാണ് ഇയാൾ വിലയിട്ടിരുന്നത്. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 40 ഭീകരരുടെ പട്ടികയിൽ നിജ്ജാറും ഉൾപ്പെട്ടിരുന്നു. നിലവിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരിക്കുന്നതും ഇയാളുടെ മരണവുമായി ബന്ധപ്പെട്ട വിവാദമാണ്. ഈ വർഷം ജൂണിലാണ് ഇയാൾ കാനഡയിൽ വച്ച് വെടിയേറ്റ് മരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates