മുംബൈ: കോവിഡ് വാക്സിൻ ഒരു ഡോസ് പോലും എടുക്കാത്തവർക്ക് റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ, പെട്രോൾ, പാചക വാതകം എന്നിവ കൊടുക്കരുതെന്ന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം! മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാ ഭരണകൂടമാണ് ഉത്തരവിട്ടത്. ജില്ലയിൽ പ്രതിരോധ കുത്തിവയ്പ്പ് പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി.
കോവിഡ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചവർക്കു മാത്രം റേഷൻ സാധനങ്ങൾ നൽകിയാൽ മതിയെന്നു കാണിച്ച് കലക്ടർ സുനിൽ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജൻസികൾക്കും പെട്രോൾ പമ്പുകൾക്കും സമാന നിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകൾക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തിട്ടില്ലാത്തവർ അജന്ത, എല്ലോറ ഗുഹകളടക്കമുള്ള ജില്ലയിലെ ചരിത്ര സ്മാരകങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്.
ആദ്യ ഡോസ് എടുത്തവർ 71 ശതമാനം മാത്രം
സംസ്ഥാനത്തെ അർഹരായ മുഴുവനാളുകൾക്കും നവംബർ അവസാനത്തോടെ ആദ്യ ഡോസ് വാക്സിൻ നൽകാനാണ് മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമം. എന്നാൽ, ഔറംഗാബാദിൽ ഇതുവരെ 71 ശതമാനം പേരേ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. രണ്ട് ഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരു വിഭാഗം കർഷകത്തൊഴിലാളികളാണ്. ജോലിക്കു പോകുന്നതു കൊണ്ട് പകൽ സമയം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്താൻ ഇവർക്കു കഴിയുന്നില്ല എന്നത് മനസിലാക്കി വൈകീട്ട് പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു.
ഒരുഡോസ് വാക്സിൻ പോലും എടുത്തിട്ടില്ലാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിടിച്ചു വെയ്ക്കുന്ന ശമ്പളം വാക്സിനെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ നൽകൂ. ഡിസംബർ ഒന്നു മുതൽ ഒന്നാം ഡോസ് വാക്സിൻ സൗജന്യമായി നൽകില്ലെന്ന് നാഗ്പുർ നഗരസഭയും അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates