ചെന്നൈ: പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനായി സമീപത്തെ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക്ക് ടാങ്കില്‍ വീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. 24 കാരിയായ ശരണ്യയാണ് മരിച്ചത്. ജോലി ചെയ്യുന്ന ഓഫീസില്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്നാണ് സമീപത്തുള്ള കെട്ടിടത്തിലേക്ക് പ്രാഥമിക കര്‍മ്മം നിര്‍വഹിക്കാന്‍ യുവതിക്ക് പോകേണ്ടി വന്നത്. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ കലക്കാട്ടൂരിലാണ് സംഭവം.
ശരണ്യ ശുചിമുറിയില്‍ പോയിട്ട് തിരിച്ച് വരാന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ ചെരുപ്പുകള്‍ സെപ്റ്റിക്ക് ടാങ്കില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അവളെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ശരണ്യയുടെ മരണത്തില്‍ വ്യാപകമായ പ്രതിഷേധമാണ് അധികൃതര്‍ക്കെതിരെ ഉയരുന്നത്്.
അവള്‍ എന്റെ ജീവിതമായിരുന്നു. അവളുടെ അകാലമരണം തനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. മകളുടെ ഓഫീസില്‍ ശുചിമുറിയില്ലാത്തതിനെ തുടര്‍ന്ന് അവളും സഹപ്രവര്‍ത്തകരും സമീപത്തെ വീടുകളിലേക്കോ പണി നടക്കുന്ന സമീപത്തെ കെട്ടിടത്തിലേക്കോ പോകുമായിരുന്നു. എന്നാല്‍ ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ശരണ്യയുടെ പിതാവ് പറഞ്ഞു.
തമിഴ്‌നാട് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ വഴി 2019 മാര്‍ച്ചിലാണ് ശരണ്യയ്ക്ക് കാഞ്ചിപുരം അഗ്രികള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് ഓഫിസില്‍ ജോലി ലഭിക്കുന്നത്. ഓഫീസില്‍ പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തത് അവള്‍ പറഞ്ഞിരുന്നു. ബുദ്ധിമുട്ടാണെങ്കില്‍ ജോലി രാജിവെക്കാമെന്ന് പറഞ്ഞെങ്കിലും അവസാനം അത് സംഭവിച്ചെന്ന് അമ്മ പറഞ്ഞു. ശരണ്യയുടെ മരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ ശരണ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിത നിയമനവും നല്‍കണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഓഫീസുകളില്‍ ശുചിമുറികള്‍ സ്ഥാപിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates