ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പേയിങ് ഗസ്റ്റ് (പിജി) കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം ഏഴായി. സംഭവത്തില്‍ കെട്ടിട ഉടമയെ പൊലീസ് പിടികൂടി. നീണ്ട തെരച്ചിലിനൊടുവില്‍ രാജസ്ഥാനിലെ ഭിവണ്ടിയില്‍ നിന്നാണ് കെട്ടിട ഉടമയായ ഹരിറാം ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുരന്തം നടന്ന് 24 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പഴക്കം ചെന്ന കെട്ടിടത്തില്‍ അനധികൃതമായി അറ്റകുറ്റപ്പണികള്‍ നടത്തിയതും നിലവറയില്‍ വെള്ളം കെട്ടിക്കിടന്നതുമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഉടമയ്ക്കായി ഡല്‍ഹി പൊാലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ശക്തമായ അന്വേഷണം നടത്തിവരികയായിരുന്നു. ഒടുവില്‍ രാജസ്ഥാനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
കെട്ടിടത്തില്‍ നടന്ന നിര്‍മാണം അനധികൃതമാണെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തില്‍ രണ്ടുനില അധികമായി നിര്‍മിച്ചതായും കണ്ടെത്തിയതായി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബില്‍ഡിങ് 13 ദിവസത്തിനകം പൊളിക്കാന്‍ ഉത്തരവിട്ടു. ഇന്ന് പ്രദേശത്ത് സീലിങ് ഡ്രൈവ് നടത്തുമെന്നും എംസിഡി അറിയിച്ചു.
അപകടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും അന്വേഷണം നടത്തണമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. നഗരത്തിലെ പിജി കെട്ടിടങ്ങളില്‍ അടിയന്തര പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു.
ബേസ്മെന്റും അഞ്ച് നിലകളുമുള്ള 'ഹോസ്റ്റല്‍ ഡേയ്‌സ്' എന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ തകര്‍ന്നു വീണത്. ബേസ്മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതിനിടയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് ബേസ്മെന്റില്‍ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലമാക്കാന്‍ കാരണമായതായി നാട്ടുകാര്‍ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates