ശ്രീനഗര്‍: പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ ചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തു വിട്ടു. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ ഭീകരരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടത്. ഭീകരര്‍ക്ക് പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തയ്ബ ക്യാമ്പില്‍ പ്രത്യേക പരിശീലനം ലഭിച്ചിരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. ഭീകരരെ കണ്ടെത്താനായി ഓപ്പറേഷന്‍ ടിക്ക എന്ന പേരില്‍ മേഖലയില്‍ വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.
ആക്രമണം നടത്തിയ ഭീകരര്‍ ഹെല്‍മറ്റില്‍ സജ്ജീകരിച്ച കാമറ വഴി സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടത്തിയത്. പരമാവധി നാശം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കാല്‍നടയായോ കുതിര വഴിയോ മാത്രം എത്തിച്ചേരാവുന്ന പുല്‍മേടായ ബൈസരണ്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തത് എന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയ്ക്ക് താക്കീതുമായി വീണ്ടും ഭീകരസംഘടന
ആക്രമണം നടത്തിയ മൂന്ന് ഭീകരര്‍ മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ പുരുഷന്മാര്‍, സ്ത്രീകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു നിര്‍ത്തി, ഹിന്ദുക്കളെ മാറ്റിനിർത്തിയശേഷം അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവര്‍ത്തനം വൈകിക്കുക എന്ന ലക്ഷ്യവും ബൈസരണ്‍ താഴ്‌വര തെരഞ്ഞെടുത്തതിന് പിന്നില്‍ ഭീകരര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പഹല്‍ഗാം ആക്രമണം ഇന്ത്യ പാഠമാക്കണമെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്‌കര്‍ ഇ തയ്ബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ധനസഹായം പ്രഖ്യാപിച്ച് കശ്മീര്‍ സര്‍ക്കാര്‍
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശ്രീനഗറില്‍ പ്രതിഷേധ റാലി നടന്നു. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും റാലിയില്‍ പങ്കെടുത്തു. അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുമെന്നും കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്. കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡില്‍ എന്‍. രാമചന്ദ്രനാണ് (65) കൊല്ലപ്പെട്ട മലയാളി. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates