ന്യൂഡല്‍ഹി: വീശിയടിച്ച യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകന യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബംഗാളില്‍ എത്തിയതാണ് പ്രധാനമന്ത്രി . യോഗത്തില്‍ പങ്കെടുക്കുന്നതിന് പകരം നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖ പ്രധാനമന്ത്രിക്ക് കൈമാറിയതായി മമത ബാനര്‍ജി അറിയിച്ചു.
ഏപ്രില്‍- മെയ് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂര്‍ നേരം മമതയ്ക്ക് വേണ്ടി മോദി കാത്തുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റ് വരെ മാത്രമേ നീണ്ടുനിന്നുളളൂവെന്ന് മമത ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വിളിച്ച യോഗത്തെ കുറിച്ച് അറിയില്ല എന്നാണ് മമത ബാനര്‍ജിയുടെ വിശദീകരണം.
പശ്ചിമ മിഡ്‌നാപൂരിലെ കലൈകുന്ദ എയര്‍ബേസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 'അവിടെ വച്ച് നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന രേഖ കൈമാറി. 15 മിനിറ്റ് നേരം മാത്രമേ ചെലവഴിച്ചുള്ളൂ. അവിടെ അവലോകനയോഗത്തിന് പോയതല്ല ഞാന്‍. അവലോകനയോഗം വിളിച്ച കാര്യം ഞങ്ങള്‍ അറിഞ്ഞിട്ടില്ല. സുന്ദര്‍ബെന്‍ വികസനം അടക്കം രണ്ടു പദ്ധതികള്‍ക്കായി 20,000 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു'- മമത ബാനര്‍ജി പറയുന്നു. നിരവധി യോഗങ്ങളില്‍ പങ്കെടുക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമത ബാനര്‍ജി മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളുടെ ആകാശനിരീക്ഷണം ഇരുവരും പ്രത്യേകമായാണ് നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates