മുംബൈ: മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനെ വിഷം ചേര്‍ത്ത മില്‍ക്ക് ഷെയ്ക്ക് നല്‍കി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയായ മകളും ഭര്‍ത്താവും മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ മകള്‍ ആര്യ ജയന്ത് ബല്ലാവര്‍, ഭര്‍ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതരമതസ്ഥനുമായുള്ള പ്രണയം അച്ഛന്‍ എതിര്‍ത്തതിന് പിന്നാലെയാണ് ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവറിനെയാണ് മകള്‍ ആര്യ വിഷം കലര്‍ത്തിയ മില്‍ക്ക് ഷേക്ക് നല്‍കി കൊലപ്പെടുത്തിയത്. 2022 മുതല്‍ ആര്യ ബല്ലാവര്‍ ആശിഷ് ഷെഡ്മകെ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് അച്ഛനെ വകവരുത്താന്‍ ആര്യയും ആശിഷും തീരുമാനിക്കുകയായിരുന്നു.
2023 ഏപ്രിലിലായിരുന്നു കൊലപാതകം. സംഭവദിവസം രാവിലെ, ആര്യ വിഷം മില്‍ക്ക് ഷേക്കില്‍ കലര്‍ത്തി, ഡ്യൂട്ടിക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്ന അച്ഛന് നല്‍കി. അത് കഴിച്ചതിന് ശേഷം അദ്ദേഹം പുറത്തുപോയി. ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ എത്തിയതിന് ശേഷമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മരണം സ്വാഭാവികമാണെന്ന് തോന്നിയതിനാല്‍, അന്ന് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഉത്തരവിട്ടിരുന്നില്ല, കേസ് മുന്നോട്ട് പോയതുമില്ല.
ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷ് പൊലീസ് പരിശീലനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഇരുവരുടേയും ദാമ്പത്യ ജീവിതം താറുമാറായി. ഭര്‍തൃവീട്ടില്‍ പോകുന്നതിനു പകരം മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കാന്‍ ആര്യ തീരുമാനിച്ചു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച ആശിഷ് പൊലീസ് സ്റ്റേഷനില്‍ വന്ന് കുറ്റം ഏറ്റുപറയുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഭാര്യയാണ് അച്ഛനെ വിഷം കൊടുത്തുകൊന്നതെന്നും ഇതിന് മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായും വിഷം ബന്ധു വഴിയാണ് ലഭിച്ചതെന്നും ആശിഷ് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates