ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ശുപാര്‍ശ ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം കഴിഞ്ഞ വെള്ളിയാഴ്ച ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. 90 അംഗ നിയമസഭയില്‍ 48 സീറ്റ് നേടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലേക്കെത്തുന്നത്. രണ്ടു ദിവസത്തിനകം ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതു രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിച്ച്, ജമ്മു കശ്മീരും ലഡാക്കുമെന്ന രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു അടുത്തിടെ നടന്നത്. 2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ആറു വര്‍ഷം ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തില്‍ കീഴിലായിരുന്നു. 2014 ലാണ് ഇതിനുമുമ്പ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates