

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 200 കടത്താതെ 192ല്‍ ഒതുക്കിയിട്ടും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ജയിച്ചില്ല. അഞ്ചാം പോരാട്ടത്തിലും അവര്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. ചെന്നൈയെ ഒതുക്കിയ കെകെആര്‍ സ്വയം പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ചത് തിരിച്ചടിയായി. ഫലം ചെന്നൈ തുടരെ രണ്ടാം മത്സരവും സ്വന്തം തട്ടകത്തില്‍ ജയിച്ചു.
32 റണ്‍സ് വിജയമാണ് സിഎസ്‌കെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 192ല്‍ എത്തിയത്. കെകെആറിന്റെ പോരാട്ടം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ അവസാനിച്ചു.
വിജയത്തിലേക്ക് ബാറ്റെടുത്ത കെകെആറിനു തുടക്കം തന്നെ തിരിച്ചടി നേരിട്ടു. ഫോമില്ലാതെ ഉഴലുന്ന ഓപ്പണര്‍ ഫിന്‍ അല്ലന്‍ 3 പന്തില്‍ 1 റണ്ണുമായി മടങ്ങി. ഇത്തവണ സുനില്‍ നരെയ്‌നാണ് സഹ ഓപ്പണറായി എത്തിയത്. താരം 2 വീതം സിക്‌സും ഫോറും പറത്തി 17 പന്തില്‍ 24 റണ്‍സുമായി ഔട്ടായി.
ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (22 പന്തില്‍ 28), അംഗ്കൃഷ് രഘുവംശി (19 പന്തില്‍ 27) എന്നിവര്‍ മികവോടെ മുന്നോട്ടു പോയെങ്കിലും അധികം നീണ്ടില്ല. റിങ്കു സിങ് (6), കമാറൂണ്‍ ഗ്രീന്‍ (ഗോള്‍ഡന്‍ ഡക്ക്) എന്നിവര്‍ അമ്പേ പരാജയപ്പെട്ടതും അവര്‍ക്ക് വന്‍ തിരിച്ചടിയായി.
പിന്നീട് റോവ്മാന്‍ പവല്‍- രമണ്‍ദീപ് സഖ്യം വിജയിപ്പിക്കാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും സമയം ഏറെ വൈകിപ്പോയി. പവല്‍ 22 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. രമണ്‍ദീപ് 23 പന്തില്‍ 35 റണ്‍സും നേടി. താരമാണ് ടോപ് സ്‌കോറര്‍.
സിഎസ്‌കെ നിരയില്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് 3 വിക്കറ്റുകള്‍ വീഴ്ത്തി കെകെആറിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. അന്‍ഷുല്‍ കാംബോജ് 2 വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, അകീല്‍ ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
ടോസ് നേടി കെകെആര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറി പായിച്ച് സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് വീണ്ടും പരാജയമായി. താരം 6 പന്തില്‍ 7 റണ്‍സുമായി പുറത്തായി.
കഴിഞ്ഞ കളിയില്‍ തിളങ്ങിയ സഞ്ജു- ആയുഷ് മാത്രെ സഖ്യം ഇത്തവണയും തിളങ്ങി. ഇരുവരും ചേര്‍ന്നു അതിവേഗം സ്‌കോര്‍ മുന്നോട്ടു നയിച്ചു. പവര്‍പ്ലേയുടെ അവസാനത്തില്‍ ആയുഷും പുറത്തായി. താരം 17 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് അടിച്ചാണ് മടങ്ങിയത്.
പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രവിസിനെ കൂട്ടുപിടിച്ച് സഞ്ജു സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി. അതിനിടെ മലയാളി താരവും പുറത്തായി. സഞ്ജു അര്‍ധ സെഞ്ച്വറിക്കരികെ വീണു. സഞ്ജു 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 48 റണ്‍സെടുത്തു മടങ്ങി. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.
ഡെവാള്‍ഡ് ബ്രവിസ് 29 പന്തില്‍ 41 റണ്‍സെടുത്തു. താരം 4 ഫോറും 2 സിക്‌സും പറത്തി. സര്‍ഫറാസ് ഖാനും നിര്‍ണായക സംഭാവന നല്‍കി. താരം 18 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സ് സ്വന്തമാക്കി.
ശിവം ദുബെ (13), ജാമി ഓവര്‍ടന്‍ (7) എന്നിവര്‍ പുറത്താകാതെ നിന്നു. ഇരുവര്‍ക്കും പക്ഷേ സ്‌കോര്‍ 200 കടത്താനായില്ല.
കെകെആറിനായി കാര്‍ത്തിക് ത്യാഗി 2 വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates