

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 200 കടത്താതെ 192ല്‍ ഒതുക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യ ജയം തേടുന്ന കെകെആറിന് 193 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 192ല്‍ എത്തിയത്.
ടോസ് നേടി കെകെആര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ മൂന്ന് പന്തുകളും ബൗണ്ടറി പായിച്ച് സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് വീണ്ടും പരാജയമായി. താരം 6 പന്തില്‍ 7 റണ്‍സുമായി പുറത്തായി.
കഴിഞ്ഞ കളിയില്‍ തിളങ്ങിയ സഞ്ജു- ആയുഷ് മാത്രെ സഖ്യം ഇത്തവണയും തിളങ്ങി. ഇരുവരും ചേര്‍ന്നു അതിവേഗം സ്‌കോര്‍ മുന്നോട്ടു നയിച്ചു. പവര്‍പ്ലേയുടെ അവസാനത്തില്‍ ആയുഷും പുറത്തായി. താരം 17 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം 38 റണ്‍സ് അടിച്ചാണ് മടങ്ങിയത്.
പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രവിസിനെ കൂട്ടുപിടിച്ച് സഞ്ജു സ്‌കോര്‍ മുന്നോട്ടു കൊണ്ടുപോയി. അതിനിടെ മലയാളി താരവും പുറത്തായി. സഞ്ജു അര്‍ധ സെഞ്ച്വറിക്കരികെ വീണു. സഞ്ജു 32 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 48 റണ്‍സെടുത്തു മടങ്ങി. കാര്‍ത്തിക് ത്യാഗിയുടെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.
ഡെവാള്‍ഡ് ബ്രവിസ് 29 പന്തില്‍ 41 റണ്‍സെടുത്തു. താരം 4 ഫോറും 2 സിക്‌സും പറത്തി. സര്‍ഫറാസ് ഖാനും നിര്‍ണായക സംഭാവന നല്‍കി. താരം 18 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സ് സ്വന്തമാക്കി.
ശിവം ദുബെ (13), ജാമി ഓവര്‍ടന്‍ (7) എന്നിവര്‍ പുറത്താകാതെ നിന്നു. ഇരുവര്‍ക്കും പക്ഷേ സ്‌കോര്‍ 200 കടത്താനായില്ല.
കെകെആറിനായി കാര്‍ത്തിക് ത്യാഗി 2 വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates