

ഇസ്ലാമബാദ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഒഴിവാക്കി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ച സിംബാബ്‌വെ പേസറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരവുമായ ബ്ലസിങ് മുസരബാനിയ്ക്ക് വിലക്ക്. താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്ക് പിഎസ്എല്‍ കളിക്കാന്‍ സാധിക്കില്ല.
ഐപില്ലിലും പിഎസ്എല്ലിലും താര ലേലത്തില്‍ മുസരബാനി അണ്‍സോള്‍ഡായിരുന്നു. എന്നാല്‍ പിഎസ്എല്‍ ടീം ഇസ്ലാമബാദ് യുനൈറ്റഡ് താരത്തെ പകരക്കാരനാക്കി ഈ സീസണില്‍ ടീമിലെത്തിച്ചു.
അതിനിടെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. താര ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു വിഭാഗം താരം ഐപിഎല്‍ കളിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയതോടെ കെകെആര്‍ മുസ്തഫിസുറിന്റെ കരാര്‍ റദ്ദാക്കി.
പിന്നാലെ പകരക്കാരനായി മുസരബാനിയെ ടീമിലെത്തിക്കാന്‍ കെകെആര്‍ ശ്രമം നടത്തി. സിംബാബ്‌വെ പേസര്‍ പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇസ്ലാമബാദ് യുനൈറ്റഡുമായി കരാറില്‍ നില്‍ക്കെയാണ് താരം ഐപിഎല്ലിലേക്ക് മാറിയത്. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടികളുമായി പിഎസ്എല്‍ മുന്നോട്ടു പോയത്.
മുസരബാനി മാത്രമല്ല ഇത്തവണ പിഎസ്എല്‍ ഒഴിവാക്കി ഐപിഎല്ലിനെത്തിയ താരങ്ങള്‍. ശ്രീലങ്കയുടെ ദസുന്‍ ഷനകയും ഓസ്‌ട്രേലിയന്‍ താരം സ്‌പെന്‍സര്‍ ജോണ്‍സനും സമാന രീതിയില്‍ ഇത്തവണ ഐപിഎല്‍ കളിക്കാനെത്തിയിരുന്നു. ഇരുവര്‍ക്കും വിലക്കിനു സാധ്യതയുണ്ട്.
കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള നീക്കമുണ്ടായിരുന്നു. അന്ന് കോര്‍ബിന്‍ ബോഷാണ് പിഎസ്എല്‍ വിട്ട് ഐപിഎല്ലിനെത്തിയത്. പിന്നാലെ താരത്തിനു ഒരു വര്‍ഷത്തെ വിലക്കും കിട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates