

ഹൈദരാബാദ്: ഐപിഎല്ലില്‍ സ്വപ്നതുല്ല്യമായ അരങ്ങേറ്റമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മീഡിയം പേസര്‍ പ്രഫുല്‍ ഹിംഗെ നടത്തിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ 24കാരന്‍ 4 വിക്കറ്റുകള്‍ വീഴ്ത്തിയാണ് അരങ്ങേറ്റം അവിസ്മരണീയമാക്കിയത്.
അരങ്ങേറ്റ മത്സരത്തിലെ തന്റെ ആദ്യ ഓവറില്‍ തന്നെ താരം 3 വിക്കറ്റുകള്‍ പിഴുതു അപരാജിതരായി നിന്ന രാജസ്ഥാനെ പിച്ചിച്ചീന്തിയാണ് തുടങ്ങിയത്. ആ ഞെട്ടലില്‍ നിന്നു ഒരിക്കല്‍ പോലും രാജസ്ഥാന്‍ എഴുന്നേറ്റതുമില്ല. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ 3 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറെന്ന റെക്കോർഡോടെയാണ് താരം തുടങ്ങിയത്.
ഈ മിന്നും പ്രകടനം താരത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടിലും പ്രതിഫലിച്ചു. മത്സരത്തിനിറങ്ങും വരെ ഇന്‍സ്റ്റയില്‍ താരത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 4,000 ആയിരുന്നു. കളി കഴിഞ്ഞ് തുറന്നപ്പോഴേക്കും ഫോളോവേഴ്‌സിന്റെ എണ്ണം 1.85 ലക്ഷമായി ഉയര്‍ന്നിരുന്നു!
തുടര്‍ ജയങ്ങളുമായി മുന്നേറിയ രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ കണക്കുകൂട്ടലുകളും അപ്രസ്‌കതമാക്കിയാണ് പ്രഫുല്‍ പന്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. രാജസ്ഥാന്റെ പോരാട്ടം 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. 57 റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ റോയല്‍സ് ഇങ്ങനെ ഒരു തകര്‍ച്ച പ്രതീക്ഷിച്ചില്ല. 217 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ 3 ഓവറില്‍ 9 റണ്‍സ് എത്തുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി ഇരുട്ടില്‍ തപ്പി. മിന്നലടികളുമായി കളം വാഴുന്ന 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്കിനു മടക്കി പന്തെറിഞ്ഞു തുടങ്ങിയ പ്രഫുല്‍ ആദ്യ ഓവറില്‍ 3 വിക്കറ്റുകള്‍ കൂടി പിഴുതാണ് രാജസ്ഥാനെ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടത്.
തന്റെ ആദ്യ 2 ഓവറില്‍ 6 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ ക്ഷണത്തില്‍ പിഴുതാണ് പ്രഫുല്‍ കളം വാണത്. വൈഭവ് സൂര്യവംശി, പിന്നാലെ വന്ന ധ്രുവ് ജുറേല്‍, അരങ്ങേറ്റ മത്സരം കളിക്കുന്ന ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് എന്നിവര്‍ പൂജ്യത്തിനു മടങ്ങി. മൂവരേയയും പ്രഫുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്താക്കി. പിന്നാലെ തന്റെ അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിനേയും താരം 4 റണ്‍സുമായി കൂടാരം കയറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates