ചണ്ഡീഗഢ്: പഞ്ചാബില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) തിരിച്ചടിയായി എംഎല്‍എമാരുടെ രാജി. ഹര്‍മീത് സിങ് പഥന്‍മാജ്ര, ചേതന്‍ സിങ് ജോറമാജ്ര എന്നിവരാണ് എംഎല്‍എ സ്ഥാനത്തോടൊപ്പം പാര്‍ട്ടി അംഗത്വവും സ്ഥാനങ്ങളും രാജിവെച്ചത്. നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇരുവരും പാര്‍ട്ടി വിട്ടത്. പഞ്ചാബിലെ ജനങ്ങളെ പാര്‍ട്ടി വഞ്ചിച്ചതായി ഇരുവരും കുറ്റപ്പെടുത്തി. ചണ്ഡീഗഢ് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എമാര്‍ തങ്ങളുടെ രാജിക്ക് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചത്.
എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ഭവ് കുമാര്‍ എന്നിവരുടെ പങ്കിനെ ചോദ്യം ചെയ്ത എംഎല്‍എമാര്‍, പഞ്ചാബിലെ നിലവിലുള്ള രാഷ്ട്രീയ-ഭരണ പ്രതിസന്ധികള്‍ക്ക് ഇരുവരുമാണ് ഉത്തരവാദികളെന്നും ആരോപിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സര്‍ക്കാര്‍ നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇവര്‍ തുറന്നടിച്ചു. പഞ്ചാബിനെ ലഹരിമുക്തവും അഴിമതിമുക്തവുമാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. സംസ്ഥാനത്ത് ലഹരി വില്‍പ്പനയും വീടുകളിലെത്തിച്ചുള്ള ലഹരി വിതരണവും ഇപ്പോഴും തുടരുന്നു. ലഹരിക്കെതിരെ പ്രവര്‍ത്തിച്ച പര്‍വീന്ദര്‍ സിംഗ് ജോതയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സര്‍ക്കാരിന്റെ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത്.
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളും കവര്‍ച്ചകളും കൊലപാതകങ്ങളും വര്‍ധിച്ചു. തഹസില്‍ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും അഴിമതി വ്യാപകമാണെന്നും എംഎല്‍എമാര്‍ ആരോപിച്ചു. എല്ലാ വിളകള്‍ക്കും താങ്ങുവില, യൂറിയയുടെ ലഭ്യത എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ കുടിശ്ശികയായ 14,191 കോടി രൂപ നല്‍കിയിട്ടില്ലെന്നും കരാര്‍ ജീവനക്കാരെ സ്ഥിരീകരിക്കുമെന്ന വാഗ്ദാനം പാളിയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഏകദേശം 2,400 സ്‌കൂളുകള്‍ ഒരു അധ്യാപകന്‍ മാത്രമുള്ള അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. കോളജുകളില്‍ 1,531 പ്രൊഫസര്‍ തസ്തികകളും ആരോഗ്യ വകുപ്പില്‍ 1,098 തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ദലത് ഉപമുഖ്യമന്ത്രിയെന്ന വാഗ്ദാനവും ദലിതര്‍ക്കെതിരായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ദളിത് വിഭാഗങ്ങളെയും വഞ്ചിച്ചതായി അവര്‍ ആരോപിച്ചു.
എംഎല്‍എമാരുടെ രാജിക്ക് പിന്നാലെ എഎപി പഞ്ചാബ് അധ്യക്ഷനും മന്ത്രിയുമായ അമന്‍ അറോറ പ്രതികരിച്ചു. അവര്‍ പാര്‍ട്ടി നയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ്, അതുകൊണ്ടാണ് അവര്‍ രാജിവെച്ചത്. അത് അവരുടെ തീരുമാനമാണ്. പഞ്ചാബിന്റെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ആം ആദ്മി പാര്‍ട്ടിയോടൊപ്പം നില്‍ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി നേതൃത്വത്തിന് വലിയ രാഷ്ട്രീയ തലവേദനയാണ് എംഎല്‍എമാരുടെ രാജി സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 40 പേരുചെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് രാജിയും പാര്‍ട്ടിക്കെതിരെ ആരോപണങ്ങളും വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates