ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ രാഷ്ട്രത്തലവന്മാർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിയതിനെ പരോക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ 80 ശതമാനം ആളുകളും മാംസാഹാരം കഴിക്കുന്നവരാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ചോലെ ബട്ടൂരെയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുൽ കുറിപ്പ് പങ്കിട്ടത്.
'രേഖകൾ പ്രകാരം 80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവരാണ്. ഇന്ത്യൻ നോൺ-വെജിറ്റേറിയൻ ഭക്ഷണം വളരെ രുചികരമാണ്. എന്റെ സഹോദരി ഉണ്ടാക്കുന്ന ചോലെ ബട്ടൂരെ പോലെ'- എന്നാണ് രാഹുൽ എക്‌സിൽ കുറിച്ചത്.
രാഹുലിന്റെ പരാമർശത്തിനെതിരേ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രംഗത്തെത്തി. വിദേശ നേതാക്കൾക്കായി ഒരുക്കിയ ഭക്ഷണ മെനുവിൽ പോലും കോൺഗ്രസ് രാഷ്ട്രീയം കലർത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പ്രാദേശിക വൈവിധ്യങ്ങളും പോഷകഗുണങ്ങളും ആവേളമുള്ള സസ്യാഹാര വിഭവങ്ങൾ അതിഥികൾ ഏറെ ആസ്വദിച്ചാണ് കഴിച്ചതെന്നു റിജിജു എക്‌സിൽ കുറിച്ചു.
കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്ത വിരുന്നിൽ ഹിമാലയൻ കൂൺ വിഭവങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യം നിറഞ്ഞ ഇന്ത്യൻ സസ്യാഹാര വിഭവങ്ങളാണ് വിളമ്പിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും വിരുന്നിൽപങ്കെടുത്തില്ല. പകൽസമയത്തെ ഉച്ചകോടിക്കുശേഷം മടങ്ങിയതിനാലാണ് ഇരുവരും വിരുന്നിൽ പങ്കെടുക്കാതിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates