ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് ആയിരങ്ങള്‍. സുപ്രീം കോടതിക്ക് 200 മീറ്റര്‍ അകലെ ബാരിക്കേഡ് വച്ച് പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. അതിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ടു.അതേസമയം, ഗ്യാനേഷ് കുമാറിന്റെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിന്‍വാങ്ങണമെന്ന് ഇന്ത്യ സഖ്യം നേതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഡിസിപിയാണ് രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത്. കാല്‍നടയായി നേതാക്കള്‍ക്കൊപ്പം ആയിരക്കണക്കിനു പ്രവര്‍ത്തകരും ചേര്‍ന്നു. രണ്ടു ബസുകളിലായി എംപിമാരെത്തി. ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനര്‍ജി എന്നിവരും ബസില്‍ എത്തി. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ബസില്‍ നിന്നിറങ്ങി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരും നടന്നാണ് നീങ്ങിയത്. പൊലീസ് എവിടെ തടയുമോ അവിടെ മുതല്‍ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇതിനിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞു. ഭഗവാന്‍ ദാസ് റോഡിലാണ് മാര്‍ച്ച് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങി. ട്രക്കിനുമുകളിലെ വേദിയില്‍ കയറി രാഹുലും പ്രിയങ്കയും പ്രതിഷേധിച്ചു.
കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി പൊലീസിനെയും കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ പല മേഖലകളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates