

മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ എ.ആർ റഹ്മാനും നടനും സംവിധായകനുമായ പ്രഭുദേവയും ഒന്നിക്കുന്നു. മനോജ് എൻ.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാബൂട്ടി എന്ന കൊറിയോഗ്രാഫറുടെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്.
നാഗ്മ, സ്മിത എന്നീ രണ്ട് സ്ത്രീകളുമായുള്ള ബാബൂട്ടിയുടെ ബന്ധവും അയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ട്രെയിലറിന്റെ തുടക്കത്തിൽ അവതരിപ്പിക്കുന്നത്. യോഗി ബാബു ചിത്രത്തിൽ 16 കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതിൽ മൂന്ന് കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്.
ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണമാണ് എ.ആർ റഹ്മാന്റെ അഭിനയ അരങ്ങേറ്റം. സിനിമയിൽ സംവിധായകന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും എ.ആർ റഹ്മാൻ എന്നാണ്. സംഗീതസംവിധാനവും റഹ്മാൻ തന്നെയാണ് നിർവഹിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ റഹ്മാൻ ചിത്രത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞതുകൊണ്ടാണ് തിരക്കഥ പോലും വായിക്കാതെ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് പ്രഭുദേവ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പഴകിയ കോമഡികളാണ് ട്രെയിലറിൽ കൂടുതലായി കാണാനാകുന്നതെന്നാണ് നിരൂപകർ അഭിപ്രായപ്പെടുന്നത്. ശരീരത്തെ പരിഹസിക്കുന്ന തമാശകളും ഇരട്ട അർഥപ്രയോഗങ്ങളും ഇന്നത്തെ കാലത്ത് പ്രസക്തി നഷ്ടപ്പെട്ട കോമഡി രീതികളാണെന്നും വിമർശനങ്ങളിലുണ്ട്.
പ്രഭുദേവ, എ.ആർ റഹ്മാൻ, യോഗി ബാബു എന്നിവർക്കൊപ്പം മലയാളി താരങ്ങളായ അജു വർഗീസ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുമാർ, നിഷ്മ ചെന്നഗപ്പ, സുഷ്മിത നായക്, മൊട്ടൈ രാജേന്ദ്രൻ, റെഡിൻ കിംഗ്സ്ലി, ദീപ ശങ്കർ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ഡിസംബർ 24ന് ക്രിസ്മസ് റിലീസായി മൂൺവാക്ക് തിയേറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates