ബംഗളൂരു: ബംഗളൂരു സ്വര്‍ണക്കടത്ത് കേസില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി അറസ്റ്റിലായ കന്നട നടി രന്യ റാവു. തന്നെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റമേല്‍ക്കുന്നതുവരെ നിരന്തരം മുഖത്തടിച്ചെന്നും രന്യ റാവു പറഞ്ഞു. ബ്ലാങ്ക് ചെക്കുകളിലും നിരവധി പേപ്പറുകളിലും ഒപ്പുവയ്പ്പിച്ചു. ഡിജിപിയായ പിതാവിനെ കേസില്‍ ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും രന്യ ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കേസില്‍ താന്‍ നിരപരാധിയാണെന്നാണ് രന്യയുടെ വാദം. ബംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേനയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഡിആര്‍ഐ അഡീഷനല്‍ ഡയറക്ടര്‍ക്ക് രന്യ കത്തയച്ചിരിക്കുന്നത്.
വിമാനത്തിനുള്ളില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദീകരണം നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ താന്‍ വിസമ്മതിച്ചു. എന്നാല്‍ പിന്നാലെ കടുത്ത സമ്മര്‍ദത്തിനു വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണു സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. 12.56 കോടി രൂപ വിലവരുന്ന 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് വിശദീകരിക്കാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തന്നെ അനുവദിച്ചില്ലെന്ന് രന്യ പറയുന്നു.
തുടര്‍ച്ചായി നാലു തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് രന്യ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റവന്യൂ ഇന്റലിജന്‍സ് സംഘം വിട്ടുകൊടുത്തില്ല. നടിയെ കസ്റ്റഡിയിലെടുക്കുകയും വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates