ബംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബംഗളൂരു ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രന്യയുടെ രണ്ട് വീടുകളിലും കേസുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് ഇഡിയുടെ പരിശോധന.
നടിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവരുടെ പങ്കും വരുമാനവും കണ്ടെത്തുകയാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കേസില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ബസവ രാജിന്റെ മൊഴി പുറത്തുവന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് രന്യയെ പുറത്തേക്ക് കൊണ്ടുവന്നത് ഡിജിപിയുടെ നിര്‍ദേശപ്രകാരമാണെന്ന് വിമാനത്താവള പൊലീസ് സ്റ്റേഷനിലെ പ്രോട്ടോകോള്‍ ഓഫീസറായ ബസവാജു മൊഴി നല്‍കി. രന്യയെ സഹായിക്കുന്നതിനായി ഡിജിപിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാറുണ്ടായിരുന്നെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് അവരുടെ വരവും പോക്കും സുഗമമാക്കുകയെന്നതായിരുന്നു തന്റെ ചുമതലയെന്നും ബസവരാജുവിന്റെ മൊഴിയില്‍ പറയുന്നു. അറസ്റ്റിലായ ദിവസം വൈകീട്ട് രന്യ റാവു തന്നെ ഫോണ്‍ വിളിച്ച് ദുബായില്‍ നിന്ന് എത്തിയ വിവരം അറിയിക്കുകയും പ്രോട്ടോകോള്‍ സഹായം തേടിയതായും ബസവരാജു പറഞ്ഞു.
ഈമാസം മൂന്നിനാണ് ദുബായില്‍നിന്ന് വന്ന രന്യ റാവുവിനെ 14.2 കിലോഗ്രാം സ്വര്‍ണവുമായി ബംഗളൂരു വിമാനത്താവളത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഡിജിപി രാമചന്ദ്രറാവുവിന്റെ വളര്‍ത്തുമകളായ രന്യ അദ്ദേഹത്തിന്റെ പേരുപറഞ്ഞ് ഗ്രീന്‍ ചാനല്‍വഴി ആയിരുന്നു സുരക്ഷാപരിശോധന ഇല്ലാതെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നിരുന്നതെന്ന് ഡിആര്‍ഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കേസില്‍ രന്യയെ കൂടാതെ അവരുടെ സുഹൃത്തും കര്‍ണാടകയിലെ അത്രിയ ഹോട്ടല്‍ ഉടമയുടെ കൊച്ചുമകനുമായ തരുണ്‍ രാജുവിനെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുബായില്‍ രന്യയെ സഹായിച്ചത് തരുണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates