ഭുവനേശ്വര്‍: അഴിമതി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് നാലു കോടി രൂപ പിടിച്ചെടുത്തു. ഒഡിഷ മൈന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ട്രോളി ബാഗുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി സംസ്ഥാന വിജിലന്‍സ് വകുപ്പ് ആണ് മൈന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ദേബബ്രത മൊഹന്തിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൊഹന്തിയുടെ ഉടമസ്ഥതയിലുള്ള ഭുവനേശ്വറിലെ ഫ്‌ലാറ്റില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഏജന്‍സി ഇതുവരെ പിടിച്ചെടുത്തതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി ലൈസന്‍സുള്ള കല്‍ക്കരി വില്‍പ്പനക്കാരനില്‍ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മൊഹന്തി പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിനുശേഷം, വിജിലന്‍സ് വകുപ്പ് അദ്ദേഹത്തിന്റെ ഭുവനേശ്വര്‍ ഫ്‌ലാറ്റിലും ഭദ്രക് ജില്ലയിലെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീട്ടിലും കട്ടക്കിലെ ഓഫീസിലും ഒരേസമയം റെയ്ഡ് നടത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊഹന്തിയുടെ ഓഫീസ് ഡ്രോയറില്‍ നിന്ന് 1.20 ലക്ഷം രൂപയാണ് കണ്ടെടുത്തത്. ഭുവനേശ്വറിലെ കൊട്ടാരസമാനമായ ഇരുനില വീടും ഏകദേശം 130 ഗ്രാം സ്വര്‍ണ്ണവുമാണ് കണ്ടെത്തിയ മൊഹന്തിയുടെ മറ്റ് സ്വത്തുക്കള്‍. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates