തണുത്തുറഞ്ഞ തടാകത്തിൽ വീണ പിഞ്ചു കുഞ്ഞിനെ രക്ഷിച്ച വിപിൻ കുമാറിനെ ആദരിക്കുന്നു SOURCE: X
India

തണുത്തുറഞ്ഞ തടാകത്തില്‍ വീണ് അഞ്ചു വയസുകാരി, ജീവന്‍ പണയംവെച്ച് രക്ഷപ്പെടുത്തി ഇന്ത്യക്കാരന്റെ അതിസാഹസികത; ആദരം- വിഡിയോ

ശൈത്യകാലത്ത് അഞ്ചു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തുറഞ്ഞ തടാകത്തില്‍ വീണപ്പോള്‍ വിപിന്‍ കുമാര്‍ ഒരുനിമിഷം പോലും ആലോചിച്ച് നിന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ബുക്കാറസ്റ്റ്: ശൈത്യകാലത്ത് അഞ്ചു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് തണുത്തുറഞ്ഞ തടാകത്തില്‍ വീണപ്പോള്‍ വിപിന്‍ കുമാര്‍ ഒരുനിമിഷം പോലും ആലോചിച്ച് നിന്നില്ല. സ്വന്തം ജീവന്‍ പോലും അപകടത്തിലാകുമെന്ന് അറിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കുക എന്ന ഒറ്റ ചിന്തയില്‍ വെള്ളത്തിലേക്ക് എടുത്തു ചാടിയ ഇന്ത്യക്കാരനായ വിപിന്‍ കുമാറാണ് ഇപ്പോള്‍ റൊമാനിയയിലെ താരം. തണുത്തുറഞ്ഞ തടാകത്തില്‍ വീണ അഞ്ച് വയസുകാരിയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ വിപിന്‍ കുമാറിനെ ആദരിച്ചിരിക്കുകയാണ് റൊമാനിയ. സേവനത്തിന്റെയും മാനവികതയുടെയും മഹത്വം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച റൊമാനിയയിലെ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളിയായ വിപിന്‍ കുമാറിന്, ക്രായോവ നഗരം ആദരസൂചകമായി 'ഓണററി സിറ്റിസണ്‍' പദവി നല്‍കി ആദരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജനുവരിയില്‍ ക്രായോവയിലെ നിക്കോളായ് റൊമാനസ്‌കു പാര്‍ക്കിലായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. കട്ടി കുറഞ്ഞ മഞ്ഞുപാളി തകര്‍ന്ന് പെണ്‍കുട്ടി പൂജ്യം ഡിഗ്രിയിലും താഴെയുള്ള തണുത്ത വെള്ളത്തിലേക്ക് വീഴുകയും മുങ്ങിത്താഴാന്‍ തുടങ്ങുകയുമായിരുന്നു. തന്റെ സുഹൃത്തിനൊപ്പം നടന്നുപോവുകയായിരുന്ന കുമാര്‍, കുട്ടി വെള്ളത്തില്‍ വീഴുന്നത് നേരില്‍ കണ്ടു. ഒട്ടും മടിക്കാതെ, അദ്ദേഹം അടുത്തുള്ള ഒരു സ്ലെഡ്ജ് (മഞ്ഞിലൂടെ സഞ്ചരിക്കുന്ന വാഹനം) ഉപയോഗിച്ച് കുട്ടിയുടെ അടുത്തേക്ക് നീങ്ങി. എന്നാല്‍ മഞ്ഞുപാളി തകര്‍ന്ന് അദ്ദേഹവും തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണു. അപ്പോഴും സ്വന്തം ജീവന്‍ രക്ഷിക്കുക എന്നതിന് പ്രാധാന്യം നല്‍കാതെ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഏകദേശം 30 മിനിറ്റോളം വെള്ളത്തിന് മുകളില്‍ കുട്ടിയെ സുരക്ഷിതമായി ഉയര്‍ത്തിപ്പിടിച്ചാണ് വിപിന്‍ കുമാര്‍ രക്ഷിച്ചത്.

ഗുരുതരമായ ഹൈപ്പോതെര്‍മിക് ഷോക്ക് (അമിതമായ തണുപ്പ് മൂലമുണ്ടാകുന്ന ശാരീരികാവസ്ഥ) ബാധിച്ച കുമാറിനെയും പെണ്‍കുട്ടിയെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പെണ്‍കുട്ടിയുടെ പിതാവും മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുമാറിന്റെ ഈ നിസ്വാര്‍ഥമായ പ്രവൃത്തിയില്‍ ഹൃദയം നിറഞ്ഞ ക്രായോവ മേയര്‍ ലിയ ഓള്‍ഗുട്ടയാണ് ഈ അപൂര്‍വ ബഹുമതി നിര്‍ദ്ദേശിച്ചത്. ജൂണ്‍ 4-ന് നടന്ന ചടങ്ങില്‍ വെച്ച് റൊമാനിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മനോജ് കുമാര്‍ മൊഹപത്രയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന് 'ഓണററി സിറ്റിസണ്‍' പദവി ഔദ്യോഗികമായി കൈമാറി.

കുമാറിന്റെ ധീരത സേവനത്തിന്റെയും മാനവികതയുടെയും ഇന്ത്യന്‍ മൂല്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അംബാസഡര്‍ അഭിപ്രായപ്പെട്ടു. 'ലോകം ഒരു കുടുംബം' എന്നര്‍ത്ഥം വരുന്ന 'വസുധൈവ കുടുംബകം' എന്ന പുരാതന തത്ത്വചിന്തയെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'അവളെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്, ആ സമയത്ത് മറ്റ് ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. ആ കൊച്ചു പെണ്‍കുട്ടി വളരെ ധീരയായിരുന്നു,' - വിപിന്‍ കുമാര്‍ പ്രതികരിച്ചു. ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഗോളതലത്തില്‍ വലിയ രീതിയിലുള്ള പ്രശംസയാണ് കുമാറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Romania Honours Indian-Origin Worker For Saving 5-Year-Old From Frozen Lake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ? കേന്ദ്രത്തിന് കത്ത് നൽകിയെന്ന വാദത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ശ്രീ അയ്യങ്കാളി മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

ചികിത്സയ്ക്ക് വീട്ടില്‍ വെച്ചിരുന്ന പണവും പത്തു പവന്‍ സ്വര്‍ണവും മോഷണം പോയി; അന്വേഷണം

'ബഹിരാകാശത്തേക്ക് അയക്കരുത്'; ലോകകപ്പ് ആവേശത്തിൽ ഫൺ വിഡിയോയുമായി പാർവതി

വാച്ച്മാൻ,സ്പോർട്സ് കോച്ച്,ഗസ്റ്റ് ലക്ചർ ഒഴിവ്

SCROLL FOR NEXT