ന്യൂഡല്‍ഹി: അധിനിവേശത്തിന്റെ നാളുകള്‍ ഇല്ലാതായതായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇപ്പോള്‍ നമ്മള്‍ രാമക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയിരിക്കുന്നുവെന്ന് ലഖ്നൗവില്‍ നടന്ന ദിവ്യ ഗീത പ്രേരണ ഉത്സവ് പരിപാടിയില്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിലുണ്ടായിരുന്നു.
എല്ലാ കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഗീതയിലെ ഉപദേശങ്ങള്‍ വ്യക്തതയും മാര്‍ഗനിര്‍ദേശവും നല്‍കുന്നു. ഗീതയെ അതിന്റെ യഥാര്‍ഥരൂപത്തില്‍ വായിക്കുകയും ആഴത്തില്‍ മനസ്സിലാക്കുകയും വേണം. അപ്പോള്‍ എല്ലാം വ്യക്തമാകും. നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം, നിങ്ങളുടെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട പുതിയ എന്തെങ്കിലും കണ്ടെത്തുന്നുവെന്നതാണ് ഗീതയുടെ ഒരു പ്രത്യേകത. പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ഉറച്ചുനിന്ന് അവയെ നേരിടാനാണ് ഭഗവാന്‍ കൃഷ്ണന്‍ വ്യക്തികളെ പഠിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു. ഭൗതികമായ അഭിവൃദ്ധി വര്‍ധിച്ചിട്ടും ധാര്‍മ്മികതയുടെയും സമാധാനവും സംതൃപ്തയും ഇല്ലാത്തതുകൊണ്ട് സമൂഹം ബുദ്ധിമുട്ടുകയാണെന്ന് ഭാഗവത് ആശങ്ക പ്രകടിപ്പിച്ചു. ജീവിതത്തില്‍ മുന്നോട്ട് പോകുകയാണെന്ന് പലര്‍ക്കും തോന്നുന്നുണ്ടെങ്കിലും തങ്ങള്‍ തെറ്റായ പാതയിലാണെന്ന് അവര്‍ക്ക് ഇപ്പോഴും തോന്നുന്നു. ശരിയായ പാത ഭാരതത്തിന്റെ നാഗരിക മൂല്യങ്ങളിലാണ്. ഭാരതത്തിന്റെ ജീവിത പാരമ്പര്യങ്ങള്‍ ഒരുകാലത്ത് ലോകത്തിന് സമാധാനവും ഐക്യവും നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
'അധിനിവേശത്തിന്റെ ആ നാളുകള്‍ കഴിഞ്ഞുപോയി. ഇപ്പോള്‍ നമ്മള്‍ രാമക്ഷേത്രത്തിന് മുകളില്‍ പതാക ഉയര്‍ത്തിയിരിക്കുന്നു,' നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ഭാരതത്തിന്റെ സാംസ്‌കാരിക സ്വത്വം നിലനിന്നു. ഭാരതം ഒരു ഹിന്ദു സമൂഹവും ഹിന്ദു രാഷ്ട്രവും ആണെന്ന് ഭാഗവത് പറഞ്ഞു. ലോകത്തിലെ എല്ലാ പാരമ്പര്യങ്ങളുടെയും അറിവിന്റെയും സത്ത വ്യാസന്‍ ഗീതയിലെ 700 ശ്ലോകങ്ങളിലൂടെ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1000 വര്‍ഷം മുമ്പ് നടന്ന തരത്തിലുള്ള യുദ്ധങ്ങള്‍ ഇന്നും നടക്കുന്നു. കുറ്റകൃത്യങ്ങളും അത്യാഗ്രഹവും അതുപോലെ തന്നെ തുടരുന്നുവെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. 1857-ലെ രക്തസാക്ഷികളെയും ചന്ദ്രശേഖര്‍ ആസാദിനെയും പോലുള്ള വീരന്മാര്‍ക്ക് ഭൗതികമായി ഒന്നും ലഭിച്ചില്ലെങ്കിലും അവരുടെ ത്യാഗങ്ങള്‍ ഇപ്പോഴും തലമുറകളെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates