നാഗ്പൂർ: ഫ്രാൻസിലെയും അൽബേനിയയിലെയും സംഘർഷങ്ങളും അട്ടിമറികളും ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇന്ത്യയിലും ഭരണമാറ്റത്തിനായുള്ള ആസൂത്രിത നീക്കങ്ങൾ നടക്കുന്നുവെന്ന മുന്നറിയിപ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരങ്ങൾക്കിടെ ഭരണമാറ്റം വേണമെന്ന ആവശ്യമുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, നാഗ്പൂരിൽ ആർഎസ്എസിന്റെ വാർഷിക വിജയദശമി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശ്, നേപ്പാൾ, ഫ്രാൻസ്, അൽബേനിയ എന്നീ രാജ്യങ്ങളിൽ സമീപകാലത്തുണ്ടായ അസ്വസ്ഥതകളും ഭരണ അട്ടിമറികളും പരാമർശിച്ചാണ് മോഹൻ ഭാഗവത് സംസാരിച്ചത്. പാശ്ചാത്യ നാടുകളിൽ നിന്ന് അത്തരം അസ്വസ്ഥതകളുടെ കൊടുങ്കാറ്റ് വീശിയടിക്കുന്നുണ്ടെന്നും നിലവിലുള്ള ക്രമങ്ങളെയും മനുഷ്യ-സാംസ്കാരിക മൂല്യങ്ങളെയും തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. "ഇന്ത്യ, ഹിന്ദുക്കൾ, സംഘ് എന്നിവയെ എങ്ങനെയെല്ലാം ഇല്ലാതാക്കാം എന്നാണ് ചില ദുഷ്ടശക്തികൾ നിരന്തരം ചിന്തിക്കുകയും പദ്ധതികൾ തയ്യാറാക്കുകയും ചെയ്യുന്നത്. രാജ്യത്തെ സ്വാർത്ഥരായ ചില രാഷ്ട്രീയ നേതാക്കളും തങ്ങളുടെ അധികാരമോഹം കാരണം ഇത്തരം നീക്കങ്ങൾക്ക് പിന്തുണ നൽകുന്നു," ഭാഗവത് വ്യക്തമാക്കി. ഭരണമാറ്റത്തിലൂടെ സമൂലമായ മാറ്റം വരുത്താനാകുമെന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ അവകാശവാദം. എന്നാൽ ഇതൊരിക്കലും സംഭവിക്കാറില്ലെന്നതാണ് സത്യമെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.
ഇന്ത്യയെപ്പോലൊരു രാജ്യം അതിശക്തമായി വളരുന്നത് തങ്ങളുടെ ആഗോള മേധാവിത്വത്തിന് ഭീഷണിയാകുമെന്ന് ചില വിദേശ ശക്തികൾ ഭയപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് രാജ്യത്തിനകത്ത് അസ്വസ്ഥതകൾ സൃഷ്ടിച്ച് ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അടിയുറച്ച ദൃഢനിശ്ചയത്തോടെയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും ജനങ്ങളുടെ കൂട്ടായ കരുത്ത് വർദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ രാജ്യങ്ങളിൽ പ്രതിഷേധങ്ങളും സമരങ്ങളും അനിവാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ അവയുടെ ലക്ഷ്യം പ്രശ്നപരിഹാരമായിരിക്കണമെന്നും സമൂഹത്തിൽ വിദ്വേഷം വിതയ്ക്കാനാകരുതെന്നും ഓർമ്മിപ്പിച്ചു. ജനക്ഷേമമല്ലാതെ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി സമരങ്ങൾ വഴിതിരിച്ചുവിടുമ്പോൾ അവ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ആയുധമായി മാറുന്നു. വികാരങ്ങൾ എത്ര തീവ്രമാണെങ്കിലും ഭരണഘടനാപരമായ അതിരുകൾ ലംഘിക്കരുതെന്നും, സഭ്യമായ പൊതുസംവാദങ്ങളും മാന്യമായ പെരുമാറ്റ രീതികളും കാത്തുസൂക്ഷിക്കാൻ രാഷ്ട്രീയ നേതാക്കളും സമരക്കാരും ഭരണകൂടവും തയ്യാറാകണമെന്നും മോഹൻ ഭാഗവത് ആഹ്വാനം ചെയ്തു.
വിവരങ്ങൾ സ്വീകരിക്കുന്നതിലും ഉൾക്കൊള്ളുന്നതിലും യുവതലമുറ കൂടുതൽ വിവേചനാധികാരം കാട്ടേണ്ടതുണ്ടെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു. നിയന്ത്രണങ്ങളില്ലാത്ത ഉള്ളടക്കങ്ങൾ, പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ എത്തുന്നത് ഉണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, സമൂഹത്തിന്റെ നന്മ മുൻനിർത്തി ഉചിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.
ഇത്തരം കാര്യങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ അനുഭവിച്ചതിനെത്തുടർന്ന് പല വിദേശരാജ്യങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലും, പ്രത്യേകിച്ച് ഒടിടി പ്ലാറ്റ്ഫോമുകളുടെ കാര്യത്തിൽ, ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന ചിന്ത സമൂഹത്തിൽ ശക്തമായി വളർന്നുവരുന്നുണ്ട്. അതോടൊപ്പം തന്നെ, വിവരങ്ങൾ യാതൊരു തടസ്സവുമില്ലാതെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഇക്കാലത്ത്, എന്താണ് ശരി, എന്താണ് തെറ്റ് എന്ന് വേർതിരിച്ചറിയാനുള്ള വിവേചനാധികാരം യുവതലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്നും ഭാഗവത് കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates