ശശി തരൂര്‍, ചന്ദ്രബാബു നായിഡു 
India

വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ വിവാദം; ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെതിരെ തരൂര്‍

എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ളതിന്റെ 50 ശതമാനം സീറ്റ് വര്‍ധനയാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലും മണ്ഡല പുനര്‍നിര്‍ണയവുമായി (ഡീലിമിറ്റേഷന്‍) ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും ശക്തമാകുന്നതിനിടെ, കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെതിരെ രംഗത്തെത്തി. ഡീലിമിറ്റേഷന്‍ സംബന്ധിച്ച ആശങ്കകള്‍ അനാവശ്യമാണെന്ന നായിഡുവിന്റെ നിലപാടിനെ ചോദ്യം ചെയ്ത തരൂര്‍, എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ ശതമാനത്തില്‍ ലോക്‌സഭാ സീറ്റുകള്‍ വര്‍ധിപ്പിച്ചാലും വലിയ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം കൂടുതല്‍ ശക്തമാകുമെന്നാണ് വാദിച്ചത്.

തന്റെ വാദം വ്യക്തമാക്കാന്‍ തരൂര്‍ ഒരു ഉദാഹരണവും മുന്നോട്ടുവച്ചു. 'നിങ്ങളുടെ ശമ്പളം രണ്ട് ലക്ഷം രൂപയും ഡ്രൈവറുടെ ശമ്പളം 20,000 രൂപയുമാണെന്ന് കരുതുക. ഇരുവര്‍ക്കും 50 ശതമാനം വര്‍ധന നല്‍കിയാലും, ശതമാനത്തില്‍ വര്‍ധന ഒരുപോലെയായിരിക്കും. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നേട്ടം കൂടുതലാകുന്നത് വലിയ തുകയുള്ളവര്‍ക്കാണ്. നിങ്ങള്‍ക്ക് 3 ലക്ഷമാകുമ്പോള്‍ ഡ്രൈവര്‍ക്ക് 30,000 രൂപയേ ആകുന്നുള്ളൂ. ഇതുപോലെയാണ് സീറ്റെണ്ണവും. യുപിയില്‍ 80ഉം കേരളത്തില്‍ ഇരുപതുമാണ് ലോക്‌സഭ സീറ്റുകള്‍. 50 ശതമാനം വീതം കൂട്ടിയാല്‍ ഇത് യഥാക്രമം 120, 30 എന്നിങ്ങനെയാകും. പ്രാതിനിധ്യത്തില്‍ എത്രവലിയ അന്തരം വരുമെന്ന് ആലോചിക്കൂ, ഇതില്‍ നിങ്ങള്‍ക്ക് ആശങ്കയൊന്നുമില്ലേ?' -എന്നിങ്ങനെയായിരുന്നു തരൂര്‍ എക്‌സില്‍ കുറിച്ചത്.

ഭരണഘടനാ ഭേദഗതി ബില്ലിലൂടെ ലോക്്‌സഭയിലെ അംഗസംഖ്യ 543ല്‍ നിന്ന് 850 ആയി ഉയര്‍ത്താനും മണ്ഡല പുനര്‍നിര്‍ണയം 2011ലെ ജനസംഖ്യാ കണക്കുകളുമായി ബന്ധിപ്പിക്കാനുമായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ളതിന്റെ 50 ശതമാനം സീറ്റ് വര്‍ധനയാണ് ബില്ലില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പാര്‍ലമെന്റില്‍ ആവശ്യമായ മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ ബില്‍ പാസായില്ല. വോട്ട് ചെയ്ത 528ല്‍ 298 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍, 230 പേര്‍ എതിര്‍ത്തു. ബില്‍ പാസാകാന്‍ കുറഞ്ഞത് 352 വോട്ട് വേണം.

ഡീലിമിറ്റേഷന്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയാല്‍, ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നിലുണ്ടായിരുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമെന്ന ആശങ്കയാണ് പ്രതിപക്ഷ പാര്‍ട്ടികളും ദക്ഷിണേന്ത്യന്‍ നേതാക്കളും ഉയര്‍ത്തുന്നത്. വനിതാ സംവരണം നടപ്പാക്കുന്നതിനെ ഡീലിമിറ്റേഷനുമായി ബന്ധിപ്പിക്കുന്നതിനെതിരെയും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം നല്‍കുന്ന വിഷയത്തെ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധിപ്പിക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Shashi Tharoor's driver salary analogy to counter Andhra CM's delimitation pitch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

'എതിരഭിപ്രായമുണ്ടാകണം; ചർച്ചകൾ വരുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുക'

ബംഗാള്‍ ഉടക്കടലില്‍ ഹാംഗോര്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍; 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യം

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും വീണ്ടും പാർലമെന്റിലേക്ക്? ബംഗാളിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണ് നട്ട് എൻഡിഎ

ദീപികയുടെ അവസ്ഥ അന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടി, ഇന്ന് താനും മാനസികാരോ​ഗ്യത്തിൽ ശ്രദ്ധിച്ചു തുടങ്ങി; അനിഷ പദുക്കോൺ

SCROLL FOR NEXT