ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കണമെന്നും, വിദ്യാര്‍ഥികളുടെ ഭാവി മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളാണ് ഉണ്ടാകേണ്ടതെന്നും സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ഗില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന് അഭ്യര്‍ഥിച്ച ഗില്‍, അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയുമാണ് ഈ വിഷയത്തെ സമീപിക്കേണ്ടതെന്നും ഗില്‍ പറഞ്ഞു.
'ഇന്ത്യക്കാരനായ യുവാവ് എന്ന നിലയില്‍, പഠിക്കാനും സ്വപ്നം കാണാനും ഭാവി രൂപപ്പെടുത്താനും നമ്മുടെ തലമുറയ്ക്ക് അര്‍ഹമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സമാധാനപരമായി തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ഓരോ ചെറുപ്പക്കാരനെയും ഞാന്‍ ബഹുമാനിക്കുന്നു. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്ന ഒന്നാണ്. അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയും, ഓരോ വിദ്യാര്‍ഥിയുടെയും ഭാവി മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. ഇന്ത്യയുടെ നല്ല ഭാവിക്കായി' ഗില്‍ കുറിച്ചു.
നേരത്തെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍ തുടങ്ങി നിരവധി പേര്‍ വിദ്യാര്‍ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. അധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കുന്ന ഒരു സംസ്‌കാരം നാം വളര്‍ത്തിയെടുക്കണമെന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. കഠിനാധ്വാനത്തിന് ഫലം ലഭിക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നിരാശ തോന്നും. ഇത്തരമൊരു സാഹചര്യം ഇനി ഉണ്ടാകാതിരിക്കാന്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും സച്ചിന്‍ പറഞ്ഞു.
'എന്റെ അച്ഛന്‍ ഒരു പ്രൊഫസറായിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം വഴികാട്ടിയുമായിരുന്നു. ചെറുപ്പത്തില്‍ അദ്ദേഹം പകര്‍ന്നു തന്ന പാഠം, പിഴവ് സംഭവിച്ചാലും കുഴപ്പമില്ല, പക്ഷെ വഞ്ചന അരുതെന്നാണ്. ഒരിക്കലും കുറുക്കുവഴികള്‍ തേടരുതെന്നാണ്. സമൂഹത്തിലെ മുതിര്‍ന്ന വ്യക്തികള്‍ എന്ന നിലയില്‍ നല്ലൊരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അധ്വാനത്തേക്കാളുപരി ഫലത്തിന് മാത്രം മുന്‍ഗണന നല്‍കുന്ന ഒരു സമൂഹം യോഗ്യതയ്ക്ക് പകരം കുറുക്കുവഴികളാകും തെരഞ്ഞെടുക്കുക. തങ്ങളുടെ കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിച്ചില്ലെന്ന് കരുതി ഇന്ന് വിദ്യാര്‍ത്ഥികള്‍ നിരാശരാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇനിയൊരിക്കലും അവര്‍ക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. സ്വപ്നങ്ങളും ഊര്‍ജ്ജവും നിറഞ്ഞതാണ് യുവ ഇന്ത്യ. നമ്മുടെ വിജയത്തിന്റെ ഇന്ധനമാണവര്‍. മാതാപിതാക്കള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സ്‌കൂളുകള്‍, ഭരണാധികാരികള്‍ എന്നിവരടങ്ങുന്ന ഈ സമൂഹത്തിന് നമ്മുടെ യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ഊര്‍ജ്ജസ്വലരായി നിലനിര്‍ത്താനും ഉത്തരവാദിത്തമുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, യോഗ്യത ജയിക്കുന്ന അന്തരീക്ഷം നാം സൃഷ്ടിക്കണം. നമ്മുടെ കുട്ടികളുടെ ഭാവിയെ ശക്തിപ്പെടുത്തുന്നതിനും അവരുടെ ആഗ്രഹങ്ങളെ സംരക്ഷിക്കാനുമുള്ള പരിഹാരങ്ങള്‍ നാം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ജയ് ഹിന്ദ്'- സച്ചിന്‍ എക്സില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates