സിദ്ധരാമയ്യ File Photo
India

രാഷ്ട്രീയരംഗം മലീമസമായി, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: സിദ്ധരാമയ്യ

ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പഴയതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്നും മുന്‍മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ബംഗളൂരു: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ധരാമയ്യ. രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പു വരുമ്പോളേക്കും തനിക്ക് 80 വയസ്സ് പിന്നിടും. ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പഴയതുപോലെ പ്രവര്‍ത്തിക്കാനാകില്ല. തന്റെ രാഷ്ട്രീയ ജീവിതത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അടുത്ത തെരഞ്ഞെടുപ്പെന്നും സിദ്ധരാമയ്യ പറഞ്ഞു.

'ഇന്നത്തെ രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചു. എങ്കിലും, രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു കൊണ്ട് ജനങ്ങളുടെ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവരുടെ ശബ്ദമായി ഞാന്‍ നിലകൊള്ളും. മണ്ഡലത്തിലെ ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. മുന്‍കാലങ്ങളില്‍ ഞാന്‍ മത്സരിച്ചപ്പോഴൊക്കെ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെയാണ് ഞങ്ങള്‍ക്ക് വിജയം ഉറപ്പാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിപ്പോയിരിക്കുന്നു.

എനിക്ക് ഇപ്പോള്‍ 79 വയസ്സായി. നമ്മുടെ സര്‍ക്കാരിന്റെ കാലാവധി കഴിയാന്‍ ഇനിയും ഒന്നര വര്‍ഷം കൂടിയുണ്ട്. എന്റെ ആരോഗ്യം പഴയതുപോലെ തൃപ്തികരമല്ല. പണ്ടത്തെ ആവേശത്തോടെ ജോലി ചെയ്യാന്‍ ഇനി സാധ്യമല്ല. 2028 ആകുമ്പോഴേക്കും എനിക്ക് 82 വയസ്സ് തികയും. അത് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളകൂടിയാണ്. 1978ല്‍ താലൂക്ക് ബോര്‍ഡ് അംഗമായാണ് ഞാന്‍ എന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയത്.

തോല്‍വികളും വിജയങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ വിശ്വസിച്ച തത്വങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുകയോ സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് പണം നല്‍കേണ്ടുന്ന ഒരു കാലഘട്ടമായിരിക്കുന്നു. ഇന്നത്തെ രാഷ്ട്രീയം പൂര്‍ണമായും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സത്യസന്ധമായ രാഷ്ട്രീയത്തിന് നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്. ഈ പശ്ചാത്തലത്തിലാണ് ഭാവി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഞാന്‍ എത്തിയത്.

അഞ്ച് പതിറ്റാണ്ടുകളായി ഈ സംസ്ഥാനത്തെ ജനങ്ങള്‍ എന്നെ തങ്ങളിലൊരാളായി കാണുകയും സ്‌നേഹത്തോടെ വഴിനടത്തുകയും ചെയ്തു. ഈ കടപ്പാട് എന്റെ മനസ്സില്‍ വലിയൊരു ഭാരമായി നിലനില്‍ക്കുന്നു. അതിനാല്‍, എന്റെ ബാക്കിയുള്ള ജീവിതവും ജനസേവനത്തിനായിത്തന്നെ സമര്‍പ്പിക്കും' -മാണ്ഡ്യയിലെ കെആര്‍ പേട്ടില്‍ ശനിയാഴ്ച സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ സംസാരിക്കവേ സിദ്ധരാമയ്യ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ്, പകരം ഡികെ ശിവകുമാര്‍ അധികാരമേറ്റത്.

Siddaramaiah Will Not Contest in the 2028 Elections – Former Karnataka CM Cites Age, Health and Corruption in Politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 65 lottery result

3, 5, 8... അഭിഷേകിന് പ്രശ്നമില്ല; പക്ഷേ സഞ്ജു 'ഫോമിൽ' കളിക്കണം!

ഒരു സ്ലോട്ടില്‍ ആറുപേര്‍ക്ക് വരെ, മണിക്കൂറില്‍ 300 പേര്‍ വീതം; ഗുരുവായൂര്‍ വിര്‍ച്വല്‍ ക്യൂ ബുക്കിങ് ഇങ്ങനെ

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി