

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി സമര്‍പ്പിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ മാതാവ് അനിത ദീപ്‌കെ. വിദ്യാര്‍ഥികളുടെ പോരാട്ടം ഒടുവില്‍ ലക്ഷ്യത്തിലെത്തിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിക്കായി തെരുവില്‍ സമരം ചെയ്ത തന്റെ മകന്‍ ഇനി സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്നും അനിത ദീപ്‌കെ പറഞ്ഞു.
നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ, ജൂണ്‍ മാസത്തില്‍ വിദേശത്തുനിന്ന് ഇന്ത്യയിലെത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതു മുതല്‍ മകന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. അതിയായ സന്തോഷമുണ്ട്. മകനെയോര്‍ത്ത് ഏറെ അഭിമാനം തോന്നുന്നു. പ്രക്ഷോഭത്തിനിടയില്‍ അവന് മര്‍ദ്ദനമേറ്റപ്പോള്‍ ഞാന്‍ പേടിച്ചു. അവന് എന്ത് സംഭവിക്കുമെന്നോര്‍ത്ത് ഞാന്‍ എപ്പോഴും ആകുലപ്പെട്ടിരുന്നു. അവര്‍ അവന്റെ മുഖത്തടിച്ചു. അതറിഞ്ഞപ്പോള്‍ മനസ്സ് തകര്‍ന്നുപോയി. എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല, പുലര്‍ച്ചെ മൂന്നും നാലുമണി വരെ ഉണര്‍ന്നിരിക്കാറുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരുടെയും വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ജൂണ്‍ 7 മുതല്‍ വീട്ടില്‍ ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. അവന്‍ വളരെ വലിയൊരു കാര്യമാണ് ചെയ്തുതീര്‍ത്തത്. അവന്‍ ഇപ്പോഴും വളരെ ചെറിയ കുട്ടിയാണ്, എന്നിട്ടും ഈ ചെറുപ്രായത്തില്‍ അവന്‍ ഇത്രയും വലിയൊരു കാര്യം നേടിയെടുത്തു, ദീപ്‌കെയുടെ അമ്മ വൈകാരികമായി മാധ്യമങ്ങളോട് പറഞ്ഞു.
ആഴ്ചകള്‍ നീണ്ട വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ധര്‍മേന്ദ്ര പ്രധാന്‍ പദവിയൊഴിഞ്ഞത് വിദ്യാര്‍ത്ഥികളുടെയും ജനകീയ കൂട്ടായ്മകളുടെയും വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെയാണ് മകന്റെ ഇടപെടലില്‍ സന്തോഷമുണ്ടെന്ന് അറിയിച്ച് മാതാവ് രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates