ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ ആഡംബര ഹോട്ടലിൽ സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീ പിടിത്തത്തിൽ ആറ് പേർ മരിച്ചു. റൂബി പ്രൈഡ് ആഡംബര ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ഇ- ബൈക്ക് ഷോറൂമിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് തീ പടർന്നത്. ഇന്നലെ രാത്രി 9.20 ഓടെയാണ് തീ പിടിത്തമുണ്ടായത്.
നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ടുകളുണ്ട്. അപകട സമയത്ത് പാസ്‌പോർട്ട് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ 25 പേരാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റൂബി മോട്ടോഴ്‌സ് ഷോറൂമിൽ സ്ഥാപിച്ചിരുന്ന ഇ- ബൈക്കോ, ജനറേറ്ററോ പൊട്ടിത്തെറിച്ചതാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ സിവി ആനന്ദ് പറഞ്ഞു. തീജ്വാലകൾ ഗോവണിപ്പടിയിലേക്ക് കുതിച്ചു, താമസിയാതെ നിലവറ, നിലം, കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾ വിഴുങ്ങി.
തീയേക്കാൾ പുകയാണ് അന്തേവാസികളെ ശ്വാസം മുട്ടിച്ചത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കനത്ത പുക ഉയർന്നു.
പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലും യശോദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 23 മുറികളുള്ള ഹോട്ടലിൽ തീ പിടിത്തമുണ്ടായപ്പോൾ പകുതിയിലധികം മുറികളിലും ആളുകളുണ്ടായിരുന്നു.
നാല് നില കെട്ടിടത്തിൽ എമർജൻസി എക്‌സിറ്റ് ഇല്ലാത്തതിനാൽ ഏഴ് പേർ വിവിധ നിലകളിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്നവരിൽ ചിലർ പൈപ്പ് ലൈനിലൂടെ താഴേക്ക് ഇറങ്ങാനും ശ്രമിച്ചു. ഫയർഫോഴ്‌സ് ഹൈഡ്രോളിക് എലിവേറ്റർ ഉപയോഗിച്ച് നാല് പേരെ രക്ഷപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates