ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പരാജയപ്പെടുത്താൻ ഡിഎംകെയുടെ പിന്തുണ തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘം ചെന്നൈയിലെത്തി. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനുമായി നേതാക്കൾ ഇന്ന് കൂടിക്കാഴ്ച നടത്തും
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ, കേരള മുഖ്യമന്ത്രി വിഡി സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി എന്നിവരും ഉന്നതതല സംഘത്തോടൊപ്പമുണ്ട്. പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തിയ നേതാക്കൾ വിമാനത്താവളത്തിന് എതിർവശത്തുള്ള നക്ഷത്ര ഹോട്ടലിലേക്കാണ് പോയത്. ഇന്ന് വൈകുന്നേരത്തോടെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, വിഷയത്തിൽ പാർട്ടിയുടെ നിലപാട് മല്ലികാർജുൻ ഖർഗെയെ അറിയിച്ചിട്ടുണ്ടെന്ന് മുതിർന്ന ഡിഎംകെ നേതാവും ലോക്‌സഭാ എംൃപിയുമായ കനിമൊഴി വ്യക്തമാക്കി. ഇന്നലെ ചേർന്ന എം.പിമാരുടെ യോഗത്തിൽ പാർട്ടി അധ്യക്ഷൻ പ്രഖ്യാപിച്ച നിലപാട് തന്നെയാണ് ഖർഗെയെ അറിയിച്ചതെന്നും, ഇന്ത്യാ സഖ്യ നേതാക്കൾ തങ്ങളുടെ നേതാവിനെ കാണാനാണ് എത്തിയിരിക്കുന്നതെന്നും മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് കനിമൊഴി പ്രതികരിച്ചു.
2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിൽ ഡി.എം.കെ. നേതൃത്വത്തിലുള്ള സഖ്യം വിട്ട കോൺഗ്രസ്, സി. ജോസഫ് വിജയ്‌യുടെ ടിവികെ സർക്കാരിന് പിന്തുണ നൽകുകയും സഖ്യസർക്കാരിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. അന്നുമുതൽ ഇരുപാർട്ടികളും തമ്മിൽ രൂക്ഷമായ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ കോൺഗ്രസ് മലക്കം മറിഞ്ഞുവെന്ന് ഡിഎംകെ ആരോപിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ലോക്‌സഭയിൽ മണ്ഡല പുനർനിർണയ ബിൽ പരിഗണിക്കാനിരിക്കെ, ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യാ സഖ്യ നേതാക്കൾ ചെന്നൈയിലും മുംബൈയിലും പര്യടനം നടത്തുന്നത്. സ്റ്റാലിനെ കൂടാതെ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെയും സംഘം കാണുന്നുണ്ട്.
ലോക്‌സഭയിൽ 22-ഉം രാജ്യസഭയിൽ എട്ടും എം.പിമാരുള്ള ഡിഎംകെ., ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ മണ്ഡല പുനർനിർണയ ബില്ലിന് ശനിയാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. തങ്ങളുടെ രണ്ട് പ്രധാന ആവശ്യങ്ങൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് പാർട്ടിയുടെ പോരാട്ടത്തിന്റെയും എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വിജയമാണെന്നുമാണ് മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ വ്യക്തമാക്കിയത്. ലോക്‌സഭയിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം നിലനിർത്തണമെന്നുമായിരുന്നു ഡിഎംകെയുടെ രണ്ട് പ്രധാന ആവശ്യങ്ങൾ. ഏപ്രിലിൽ അവതരിപ്പിച്ച മുൻ ബില്ലിനെ ശക്തമായി എതിർത്തിരുന്ന സ്റ്റാലിൻ, അന്ന് കറുത്ത വസ്ത്രം ധരിച്ച് ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
ചെന്നൈ സന്ദർശനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയും സ്റ്റാലിനും സമൂഹമാധ്യമമായ എക്സിലൂടെ (X) ആശയവിനിമയം നടത്തിയിരുന്നു. തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നൽകിയാണ് തങ്ങൾ ഓരോ തീരുമാനവും എടുക്കുന്നതെന്നും, ചരിത്രം തങ്ങളെ 'എട്ടപ്പന്മാരായല്ല, കട്ടബൊമ്മന്മാരായാണ്' വിലയിരുത്തുകയെന്നും സ്റ്റാലിൻ രാഹുലിന് മറുപടി നൽകി. ഭരണഘടനയെയും ഫെഡറൽ അവകാശങ്ങളെയും സംരക്ഷിക്കുന്നതിൽ ഡിഎംകെയുടെ ചരിത്രപരമായ പങ്കിനെ അംഗീകരിച്ചതിന് 'സഹോദരൻ' രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ സ്റ്റാലിൻ, ഈ പാതയിൽ നിന്ന് വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെ അവസാനിപ്പിക്കുമെന്നും, തെരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി മാറ്റിവരയ്ക്കാൻ ബിജെപി-ആർഎസ്എസ് സഖ്യത്തിന് പരിധിയില്ലാത്ത അവസരം നൽകുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. രാജ്യതാൽപ്പര്യത്തിനും തമിഴ്നാടിന്റെ താൽപ്പര്യത്തിനും ഭരണഘടനയെ സംരക്ഷിക്കുന്നതിനുമായി ബില്ലിനെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്നും രാഹുൽ അഭ്യർഥിച്ചിരുന്നു. നേരത്തെ ഓഗസ്റ്റിൽ തമിഴ്നാട് സന്ദർശിച്ചപ്പോൾ മണ്ഡല പുനർനിർണയത്തെ പിന്തുണയ്ക്കുന്നവരെ '21-ാം നൂറ്റാണ്ടിലെ എട്ടപ്പന്മാർ' എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates