ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വകഭേദം അതിവേഗം പടരുന്നുവെന്ന സൂചന നല്‍കി രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ആശങ്കയുയര്‍ത്തി ഇന്ത്യയില്‍ ഒമൈക്രോൺ ബാധിതരുടെ എണ്ണം ആയിരം കടന്നു. 22 സംസ്ഥാനങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എട്ട് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. ‘ആർ വാല്യു’ (റീ പ്രൊഡക്‌ഷൻ നമ്പർ) 1.22 ആയി. ആർ വാല്യു ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്.
ഇന്നലെ വൈകിട്ടു വരെ 1159 ഒമൈക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും (450), ഡൽഹിയിലുമാണ് (263) ഏറ്റവും കൂടുതൽ കേസുകൾ. ഗുജറാത്തില്‍ 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് രോഗബാധിതര്‍. ഇന്നലെ 13,154 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ ബാധിച്ച ഒരാള്‍ മരിക്കുകയും ചെയ്തു. ഇന്ത്യയിലെ ആദ്യ ഒമൈക്രോണ്‍ മരണമാണിത്. നൈജീരിയയില്‍ നിന്നെത്തിയ 52 കാരനാണ് മരിച്ചത്.
ഇതുവരെ മരിച്ചത് 58 പേര്‍
ലോകത്താകെ 58 പേരാണ് ഒമൈക്രോണ്‍ ബാധിച്ച് ഇതുവരെ മരിച്ചത്. ഇന്ത്യയില്‍ ഇന്നലെ പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണെന്നും വിലയിരുത്തലുണ്ട്. ഒരുമാസത്തിലേറെക്കാലത്തിന് ശേഷമാണ് വീണ്ടും രാജ്യത്ത് കോവിഡ് കേസുകള്‍ പതിനായിരത്തിന് മുകളിലെത്തുന്നത്. ഇതോടെ അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അതിവേഗ വ്യാപനശേഷി
അതിവേഗ വ്യാപനശേഷിയാണ് ഒമൈക്രോണ്‍ വകഭേദത്തിനുള്ളത്. ഒരാളില്‍നിന്ന് 1.22 ആള്‍ക്ക് എന്ന തോതിലാണ് ഇപ്പോള്‍ വൈറസിന്റെ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡെല്‍റ്റ വകഭേദത്തെയും കടന്ന് ഒമൈക്രോണ്‍ വ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, ഡല്‍ഹി, കര്‍ണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കേസുകള്‍ ഉയരുകയാണ്. മുംബൈ, പുണെ, താനെ, നാസിക്, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ കേസുകള്‍ കൂടിവരുന്നുണ്ട്.
14 ജില്ലകളില്‍ ആറെണ്ണം കേരളത്തില്‍
രോഗവ്യാപനം 510 ശതമാനത്തിനിടയിലുള്ള 14 ജില്ലകളില്‍ ആറെണ്ണം കേരളത്തിലാണ്. 10 ശതമാനത്തില്‍ കൂടുതലുള്ള എട്ടുജില്ലകളുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഒമൈക്രോണിന്റെ സാമൂഹികവ്യാപനം തുടങ്ങിയതായി സംസ്ഥാന സര്‍ക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഒമൈക്രോണ്‍ കേസുകള്‍ ഗുരുതരമല്ലെന്നതും, രാജ്യത്ത് കോവിഡ് മൂലമുള്ള മരണനിരക്ക് 300ല്‍ താഴെ നില്‍ക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
കര്‍ശന ജാഗ്രത വേണം
രോഗം ഗുരുതരമല്ലെന്ന ധാരണയില്‍ സ്ഥിതിഗതികളെ കാണരുത്. പരിഭ്രാന്തിയും ആവശ്യമില്ല. കൂടുതല്‍ വാക്‌സിന്‍ നല്‍കിയും മറ്റു മുന്നൊരുക്കങ്ങള്‍ നടത്തിയും രാജ്യം തയ്യാറെടുപ്പിലാണ്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും മാസ്‌ക് ശരിയാംവിധം ധരിക്കുകയും വേണം. വ്യാപനം അതിവേഗത്തിലാണെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം 'കോവിഡ് സുനാമി' മുന്നറിയിപ്പ് നല്‍കിയത് ഇതിന്റെ പശ്ചാത്തലത്തിലാണെന്നും ഡോ. വി കെ പോള്‍ പറഞ്ഞു. കോവിഡ് വന്നാല്‍ തന്നെ അതിനെ ലഘൂകരിക്കാന്‍ കരുതല്‍ ഡോസിന് സാധിക്കുമെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നേരത്തേ രോഗം വന്നവരില്‍ പ്രതിരോധശേഷി എട്ടുമുതല്‍ പത്തുവരെ മാസം നില്‍ക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates