ഇംഫാല്‍: കലാപകാരികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ ഇംഫാലില്‍ ഡ്രോപ് ബോക്‌സ് സ്ഥാപിച്ച് പൊലീസ്. മന്ത്രി എല്‍ സുശില്‍ദ്രോയുടെ വീടിനു മുന്‍പിലാണ് തോക്കുകള്‍ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകള്‍ തിരികെ ലഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം കിട്ടിയത് കേടുവന്ന ഒരു തോക്കും വെടിയുണ്ടയില്ലാത്ത മാഗസിനുമാണെന്നാണു വിവരം.
കലാപത്തിന്റെ ആദ്യദിനം 4000 യന്ത്രത്തോക്കുകളും 5 ലക്ഷത്തിലധികം വെടിയുണ്ടകളും പൊലീസ് ട്രെയ്‌നിങ് കോളജിന്റെ ആയുധപ്പുരയില്‍നിന്നു കവര്‍ന്നിരുന്നു. മെയ്തി ജനക്കൂട്ടത്തിന് പൊലീസ് തന്നെ ഇവ കൈമാറുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതില്‍ 1500 എണ്ണം തിരികെ ലഭിച്ചുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. എകെ 47, എം 16 ഉള്‍പ്പെടെ വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്നു നഷ്ടപ്പെട്ടത്.
തോക്കുകള്‍ തിരികെ ലഭിക്കാനായി പലവട്ടം അഭ്യര്‍ഥന നടത്തിയിട്ടുണ്ടെന്നു മണിപ്പുര്‍ സര്‍ക്കാരിന്റെ വക്താവു കൂടിയായ മന്ത്രി ഡോ. സപം രഞ്ജന്‍ പറഞ്ഞു. തോക്കു മോഷ്ടിച്ചതിന് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ്, തോക്കുകള്‍ തിരികെ നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുണ്ട്.
കലാപത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് ഏതാനും പേര്‍ തോക്കുകള്‍ തിരികെ നല്‍കിയത്. എന്നാല്‍ വീണ്ടും സംഘര്‍ഷം മൂര്‍ഛിച്ചതോടെ ആയുധങ്ങള്‍ തിരികെ ലഭിക്കുന്നില്ലെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാത്രമല്ല, കൂടുതല്‍ കൊള്ള നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിട്ടുമുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ കശ്മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates