ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായമാണെന്നും അവ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്നും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ കഴിയുന്നത് വേദനാജനകമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
പരീക്ഷാ രീതികളിലെ അപാകതകള്‍ പരിഹരിക്കാന്‍ ശാശ്വത മാര്‍ഗമാണ് കണ്ടേത്തേണ്ടത്. വിദ്യാര്‍ഥി പ്രതിഷേധത്തെ ക്രമസമാധാന പ്രശ്‌നമായി കണ്ട് ബലംപ്രയോഗിച്ച് അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമരസ്ഥലത്ത് പെണ്‍കുട്ടികളെപ്പോലും ക്രൂരമായി കൈകാര്യം ചെയ്യുന്നത് കാണുന്നത് ഏറെ ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബലപ്രയോഗങ്ങള്‍ 'വികസിത ഭാരതം' എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റാന്‍ മാത്രമേ ഉപകരിക്കൂ എന്നും ജോഷി മുന്നറിയിപ്പ് നല്‍കി.
അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രതിപക്ഷ എംപിമാര്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തകരും എത്തി. നീറ്റ് വിഷയത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആദരമര്‍പ്പിക്കാനാണ് മാര്‍ച്ച് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് ബസുകളിലായി എത്തിയ പ്രതിപക്ഷ എംപിമാരെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ എടുത്തുമാറ്റി. ബിര്‍ള മന്ദിരത്തില്‍ ധര്‍ണ ഇരുന്ന ശേഷം ദേശീയഗാനം പാടി പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates