ന്യൂഡല്‍ഹി: തര്‍ക്കം നിലനില്‍ക്കുന്ന മധ്യപ്രദേശിലെ ധറിലെ ഭോജ്ശാല ക്ഷേത്രം-കമല്‍ മൗല പള്ളി സമുച്ചയത്തില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സുപ്രീം കോടതി അനുമതി നല്‍കി. ഹിന്ദു ഉത്സവമായ ബസന്ത് പഞ്ചമിയില്‍ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
അതേസമയം മുസ്ലീങ്ങള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെ പ്രാര്‍ത്ഥന നടത്താവുന്നതാണെന്നും കോടതി ഉത്തരവിട്ടു. നമസ്‌കാരത്തിന് വരുന്ന മുസ്ലീം സമുദായത്തിലെ ആളുകളുടെ എണ്ണം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരിക്കണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ബസന്ത് പഞ്ചമിയില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ പ്രത്യേക അവകാശം ആവശ്യപ്പെട്ട് ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് (HFJ) എന്ന ഹിന്ദു സംഘടനയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഈ വര്‍ഷം ബസന്ത് പഞ്ചമി ജനുവരി 23 വെള്ളിയാഴ്ച വന്നതാണ് പ്രശ്‌നത്തിന് കാരണമായത്. എച്ച്എഫ്‌ജെക്കുവേണ്ടി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ ആണ് ഹര്‍ജി നല്‍കിയത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2003 ലെ ഉത്തരവ് ബസന്ത് പഞ്ചമിയും വെള്ളിയാഴ്ച പ്രാര്‍ത്ഥനയും ഒന്നിച്ചു വന്നാലുള്ള സാഹചര്യത്തെക്കുറിച്ച് പറയുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ജനുവരി 23 ന് മുഴുവന്‍ ദിവസവും ഹിന്ദുക്കള്‍ക്ക് തടസ്സമില്ലാത്ത ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. 2003 ലെ എഎസ്‌ഐ ഉത്തരവ് പ്രകാരം മുസ്ലീങ്ങള്‍ക്ക് ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെ സ്ഥലത്ത് വെള്ളിയാഴ്ച നമസ്‌കാരം നടത്താന്‍ അനുവദിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates