ന്യൂഡല്‍ഹി: വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി മുസ്ലിം വിശ്വാസ പ്രകാരം പുരുഷന്മാര്‍ ഉപയോഗിക്കുന്ന തലാഖ്-ഇ-ഹസന്റെ സാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. മാസത്തില്‍ ഒരു തവണ വീതം മൂന്ന് മാസം തലാഖ് ഉച്ചരിച്ച് വിവാഹ മോചനം സാധ്യമാക്കുന്ന ആചാരം ഇപ്പോഴും തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം ഒരു ആചാരം തുടരേണ്ടതുണ്ടോ എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍, എന്‍ കെ സിംഗ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ചോദ്യം.
ഇത്തരം ഒരു വിവാഹ മോചന രീതിയെ എങ്ങനെയാണ് നിങ്ങള്‍ ഈ 2025 ലും പ്രോത്സാഹിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇങ്ങനെയാണോ, ഇത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളും മൂന്നംഗ ബെഞ്ച് ഉയര്‍ത്തുന്നു. ഇത്തരം ഒരു ആചാരം യുക്തിക്ക് നിരക്കുന്നതല്ല, തീര്‍ത്തും ഏകപക്ഷീയവും ഭരണഘടനയുടെ 14, 15, 21, 25 എന്നീ വകുപ്പുകള്‍ അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ലംഘമാണ്. ഒരു വിഷയം സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുമ്പോള്‍, കോടതി ഇടപെടേണ്ടിവരുമെന്നും ബെഞ്ച് വ്യക്തമാക്കി ബേനസീര്‍ ഹീന എന്ന സ്ത്രീ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍.
ഒരു സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണിത്. ഇതില്‍ പരിഹാരം കാണേണ്ടതുണ്ട്. കടുത്ത വിവേചനം നിലനില്‍ക്കുന്നു എങ്കില്‍ കോടതി ഇടപെടല്‍ അത്യാവശ്യമാണ്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വിഷയത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ചോദ്യങ്ങളും കോടതി കക്ഷികളോട് ആവശ്യപ്പെട്ടു. നവംബര്‍ 26 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞതിന്റെ രേഖയില്ലാത്തതിനാല്‍ മകന് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിച്ചതോടെയാണ് ബേനസീര്‍ ഹീന തലാഖ്-ഇ-ഹസന് എതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് ഗുലാം അക്തര്‍ അഭിഭാഷകന്‍ മുഖേനയാണ് തലാഖ് നല്‍കിയത്, ഇയാള്‍ പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ വിവാഹമോചിതയാണെന്ന് അറിയിച്ച എല്ലായിടത്തും നടപടികള്‍ നിഷേധിക്കപ്പെട്ടെന്നുമാണ് സ്ത്രീയുടെ പരാതി. മൂന്ന് തവണ തലാക്ക് ചൊല്ലി വിവാഹ മോചനം സാധ്യമാക്കുന്ന മുത്തലാക്കും തലാഖ്-എ-ബിദ്ദത് എന്നറിയപ്പെടുന്ന വിവാഹമോചന രീതിയും നേരത്തെ തന്നെ സുപ്രീം കോടതി നിരോധിച്ചിരുന്നു. തലാഖ്-എ-ബിദ്ദത്തിന് സമാനമാണ് സുപ്രിം കോടതി ഇപ്പോള്‍ ചോദ്യം ഉയര്‍ത്തിയിരിക്കുന്ന തലാഖ്-ഇ-ഹസനും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates