സുപ്രീം കോടതി  /ഫയല്‍
India

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ്: സ്റ്റേ നൽകാൻ വിസമ്മതിച്ച് സുപ്രീം കോടതി; വിശദമായ സത്യവാങ്മൂലം നൽകാൻ നിർദ്ദേശം

നികുതിയോ പിടിച്ചെടുക്കലോ അല്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: വ്യക്തികളിൽനിന്ന് വ്യാപാരികളിലേക്കുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് സ്റ്റേ നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച്, പുതിയ നിരക്ക് ഏർപ്പെടുത്തിയതിന്റെ നിയമപരമായ അടിസ്ഥാനവും കാരണങ്ങളും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. വിഷയത്തിൽ കേന്ദ്രം, റിസർവ് ബാങ്ക് , നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

വാണിജ്യ ആവശ്യങ്ങൾക്കായി 2,000 രൂപയ്ക്ക് മുകളിൽ നടത്തുന്ന യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി കേന്ദ്ര ധനമന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ ചോദ്യം ചെയ്ത് അഭിഭാഷകനായ അഞ്ജൻ ദത്ത സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. പുതിയ ഫീസ് പ്രാബല്യത്തിൽ വരുന്നത് കള്ളപ്പണ ഇടപാടുകൾ വർദ്ധിക്കാൻ ഇടയാക്കുമെന്നും വ്യാപാരികൾ ഈ ചെലവ് സാധാരണ ഉപഭോക്താക്കളിലേക്ക് കൈമാറുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ സ്റ്റേ ആവശ്യപ്പെട്ടത്. എന്നാൽ വിഷയം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കോടതി ഇടക്കാല സ്റ്റേ നൽകാൻ തയ്യാറായില്ല.

യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഒക്ടോബർ 15 മുതൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. രാജ്യത്ത് നടക്കുന്ന 96 ശതമാനം യുപിഐ ഇടപാടുകൾക്കും ഈ തീരുമാനം ബാധകമാകില്ലെന്നും അവ സൗജന്യമായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യ സേവനങ്ങൾക്കുള്ള ഇടപാട് നിരക്ക് പരമാവധി അഞ്ച് രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ തുക സർക്കാരിലേക്ക് പോകുന്ന നികുതിയല്ലെന്നും ബാങ്കുകൾക്കും പേയ്‌മെന്റ് അഗ്രഗേറ്റർമാർക്കും ഇടയിലുള്ള സെറ്റിൽമെന്റ് ഫീസായ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് മാത്രമാണെന്നും കേന്ദ്രം വാദിച്ചു. ഇലക്ട്രോണിക് ഇടപാടുകൾ സുഗമമായി നടത്തുന്നതിന് ബാങ്കുകൾക്ക് വരുന്ന ചെലവ് നികത്താനും യുപിഐ പേയ്‌മെന്റ് സംവിധാനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് ഈ നടപടിയെന്നും എഎസ്ജി വിശദീകരിച്ചു.

ഇത് നികുതിയാണോ അതോ ഫീസാണോയെന്നും ഈ രീതിയിൽ പണം ഈടാക്കാനുള്ള നിയമപരമായ അധികാരം എന്താണെന്നും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചോദിച്ചു. ഇത് കേവലം നിയമപരമായ വ്യാഖ്യാനം മാത്രമല്ലെന്നും സാങ്കേതികമായ കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, എല്ലാ വിശദാംശങ്ങളും വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം,വ്യക്തികൾ തമ്മിൽ നടത്തുന്ന എത്ര വലിയ ഇടപാടുകൾക്കും വ്യാപാരികൾക്ക് നൽകുന്ന 2,000 രൂപ വരെയുള്ള പണമിടപാടുകൾക്കും യാതൊരു ഫീസും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ പരമാവധി 300 രൂപ വരെയായിരിക്കും എംഡിആർ ആയി ഈടാക്കുക. ഹർജി വിശദമായ വാദത്തിനായി പിന്നീട് പരിഗണിക്കും.

The Supreme Court on Monday refused to stay the Union Government's notification introducing service charges on commercial Unified Payments Interface (UPI) transactions exceeding Rs 2,000, while calling for an explanatory affidavit from the Centre on the legal foundation of the move

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: ബുധനാഴ്ച മുതൽ ശക്തമായ മഴ, ആറു ജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചിൻ ഷിപ്‌യാർഡിൽ ഓഫീസർ ഒഴിവ്; ഡിപ്ലോമക്കാർക്ക് അവസരം, ശമ്പളം 43,750 രൂപ

ഏകദിന ചരിത്രത്തിൽ തന്നെ ആദ്യം! റെക്കോർഡിൽ 'കിങ് കോഹ്‌ലി'

'എല്ലാവരുടേയും ജീവിതം ഇതുപോലെയാകും എന്നാണ് കരുതിയത്'; എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞതിനെപ്പറ്റി ഫഹദ് ഫാസില്‍

21 കിലോമീറ്റര്‍ മൈലേജ്, പ്രാരംഭ വില 7.84 ലക്ഷം രൂപ; റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വിപണിയില്‍