

നല്ല ഹ്യൂമർ സെൻസുള്ള ആളാണ് താനെന്ന് ആരാധകർക്ക് മുൻപിൽ പലപ്പോഴും തെളിയിച്ചിട്ടുള്ള നടനാണ് ഷാരുഖ് ഖാൻ. പൊതുവേദികളിലടക്കം പൊട്ടിച്ചിരിയുടെ മാലപടക്കത്തിന് ഷാരുഖ് തിരികൊളുത്തിയിട്ടുണ്ട്. തന്റെ ഭാര്യ ഗൗരി ഖാനെയും മക്കളെക്കുറിച്ചുമൊക്കെ ഷാരുഖ് പറഞ്ഞ കാര്യമാണിപ്പോൾ ആരാധകരിൽ ചിരി പടർത്തുന്നത്.
മുംബൈയിലെ തന്റെ വസതിയായ 'മന്നത്ത്' ആയാലും ദുബൈയിലെ പുതിയ ആഡംബര പെന്റ്ഹൗസ് പ്രോജക്റ്റായാലും, ഭാര്യ ഗൗരി ഖാന്റെ ഇന്റീരിയർ ഡിസൈൻ തിരഞ്ഞെടുപ്പുകളിൽ തനിക്ക് യാതൊരു അഭിപ്രായ സ്വാതന്ത്ര്യവുമില്ലെന്ന് ഷാരുഖ് പറയുന്നു. ദുബൈ മാരിടൈം സിറ്റിയിൽ ഡാന്യൂബ് പ്രോപ്പർട്ടീസ് നിർമിക്കുന്ന 60 നിലകളുള്ള 'ഷാരുഖ്‌സ് റെസിഡൻസസ്' ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരി ഖാനാണ് ഈ ടവറിലെ എക്സ്ക്ലൂസീവ് വാട്ടർഫ്രണ്ട് പെന്റ്ഹൗസുകളും അപ്പാർട്ട്മെന്റുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്. കരൺ ജോഹർ ആണ് പരിപാടിയിൽ അവതാരകനായെത്തിയത്. സ്വന്തം വീട്ടിൽ ഇപ്പോഴും ചെയ്യാൻ അനുവാദമില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാനായിരുന്നു ഷാരുഖിനോട് പറഞ്ഞത്.
തന്റെ സ്വന്തം വീട്ടിൽ തനിക്കൊന്നും ചെയ്യാൻ അനുവാദമില്ലെന്ന ഷാരുഖിന്റെ മറുപടി വലിയ ചിരിയാണ് കാണികളിൽ ഉയർത്തിയത്. "ഞങ്ങളുടെ വീട്ടിൽ, ഗൗരിയുടെ വീടിനെതിരെ ഞങ്ങൾക്ക് ഒരക്ഷരം പോലും മിണ്ടാൻ കഴിയില്ല. വൈ-ഫൈയെക്കുറിച്ചോ നിറങ്ങളെക്കുറിച്ചോ പരാതിപ്പെടാനോ, കിടക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കാനോ അനുവാദമില്ല. പെയിന്റിംഗുകൾ, ടെറസ്, സീലിങ്, പടികൾ, എന്തിനേറെ ലിഫ്റ്റിനെക്കുറിച്ചു പോലും അഭിപ്രായം പറയാൻ ഞങ്ങൾക്ക് അവകാശമില്ല.
നിശബ്ദമായി ഇരുന്ന് 'വൗ ഗൗരി, നീ എന്ത് ഗംഭീര വീടാണ് നിർമിച്ചിരിക്കുന്നത്' എന്ന് പുകഴ്ത്തുക മാത്രമാണ് ഞങ്ങളുടെ ജോലി. വീടിന് പുറത്ത് ഞാനും ആര്യനും സുഹാനയും അബ്രാമും അടിച്ചുപൊളിക്കുമെങ്കിലും വീടിനുള്ളിൽ ഗൗരിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്". - ഷാരുഖ് പറഞ്ഞു. സ്വന്തമായി ഒരു വീടില്ലാതിരുന്ന ഭൂതകാലത്തെക്കുറിച്ചും ഷാരുഖ് ചടങ്ങിൽ വികാരാധീനനായി.
മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ തനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായൊരു വീടായിരുന്നുവെന്നും, ഗൗരിയെ വിവാഹം കഴിക്കുന്നത് വരെ തനിക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ലെന്നും നടൻ ഓർത്തെടുത്തു. "നിങ്ങൾ ഒരു വീടിനായി പ്രാർഥിച്ചാൽ (മന്നത്ത് ചെയ്താൽ), ജീവിതത്തിലെ ഏറ്റവും മനോഹരമായ വീട് നിങ്ങൾക്ക് ലഭിക്കും. വലുതായി ചിന്തിക്കുക, വലുതായി വിശ്വസിക്കുക".- എന്നും ഷാരുഖ് പറഞ്ഞു.
Actor Shah Rukh Khan talked about house rules set by his wife Gauri Khan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates