ന്യൂഡല്‍ഹി: ദേശീയ ജാതി സെന്‍സസ് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തളളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ഹര്‍ജിയില്‍ ഉപയോഗിച്ച ഭാഷ പ്രയോഗങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സുപ്രൂം കോടതി ഉന്നയിച്ചത്.
'ഇത്തരത്തിലുള്ള മോശം ഭാഷ എവിടെ നിന്നാണ് പഠിച്ചത് ?, ആരാണ് ഈ ഹരജി തയാറാക്കി നല്‍കിയത്'? എന്നായിരുന്നു ഹരജിക്കാരനോട് നേരിട്ടുള്ള കോടതിയുടെ ചോദ്യം. ഹരജിയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അങ്ങേയറ്റം അശ്ലീലവും മര്യാദയില്ലാത്തതുമാണെന്നും കോടതി വിമര്‍ശിച്ചു. ഹരജിയിലെ ഭാഷാപരമായ പിഴവുകള്‍ കാരണം വിഷയത്തിന്റെ മെറിറ്റിലേക്ക് കടക്കാന്‍ പോലും കോടതി തയ്യാറായില്ല.
ജാതി സെന്‍സസ് തടയുക, ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാന്‍ നിര്‍ദേശിക്കുക എന്നിവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും കോടതി നിരാകരിച്ചു. 2027 ല്‍ നടത്താനിരിക്കുന്ന 16-ാമത് ദേശീയ സെന്‍സസില്‍ സമഗ്രമായ ജാതി വിവരശേഖരണം ഉള്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് ഹര്‍ജി. ഇന്ത്യയിലെ ആദ്യ പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് കുടിയാണ് നടക്കാനിരിക്കുന്നത്. 2027 ലെ പൊതു സെന്‍സസില്‍ പൗരമാരുടെ ജാതി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും തരംതിരിക്കുന്നതിനും പരിശോധിക്കുന്നതിനും സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്ന പ്രത്യേക പൊതുതാല്‍പര്യ ഹര്‍ജി ഫെബ്രുവരി 2 ന് സുപ്രീം കോടതി തള്ളിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates