പോയവര്‍ഷം ഭരണഘടനാപരമായും സാമൂഹികമായും പ്രാധാന്യമുള്ള നിരവധി വിധിന്യായങ്ങള്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായി. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ തൊഴിലിടങ്ങള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടില്ല, എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങള്‍ ആയി കണക്കാക്കാനാവില്ല, ഇളവില്ലാതെ ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ല, വഖഫ് ഭേദഗതി നിയമം, ഉഭയസമ്മതപ്രകാരമുള്ള ബന്ധം വഷളാകുന്നത് ക്രിമിനല്‍ കുറ്റത്തിന് കാരണമാകില്ല, അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണം....തുടങ്ങി നിരവധി വിഷയങ്ങളില്‍ പരമോന്നത നീതിപീഠം വിധി പറഞ്ഞു. രണ്ട് ചീഫ് ജസ്റ്റിസുമാര്‍ ചുമതലയേറ്റ വര്‍ഷം കൂടിയാണ് കടന്നു പോയത്. മുന്‍ കാലങ്ങളിലില്ലാത്ത പോലെ സുപ്രീംകോടതി ചീഫ് ജസ്റ്റിന് നേരെ അഭിഭാഷകന്‍ ചെരിപ്പെറിഞ്ഞ സംഭവും ഉണ്ടായി. 2025ല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്രധാന വിധികളും ചില സംഭവങ്ങളും ഒന്നോര്‍ത്തു പോകാം.
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അകാരണമായി അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ?
ഈ ചോദ്യത്തിന്ന് ഇല്ല എന്നായിരുന്നു സുപ്രീംകോടതി അസന്ദിഗ്ധമായി മറുപടി പറഞ്ഞത്. എന്നാല്‍ ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാനും ബില്ലുകള്‍ക്ക് അനുമതി നല്‍കാനും സുപ്രീംകോടതി ഉള്‍പ്പെടെ മറ്റാര്‍ക്കും അവകാശമില്ലെന്നും ഭരണഘടനാബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ യഥാര്‍ഥ അധികാരകേന്ദ്രം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോരിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള സുപ്രീംകോടതിയുടെ മറുപടിയെ ഇരുഭാഗവും സ്വാഗതം ചെയ്തു.
നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ അകാരണമായി തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് തമിഴ്‌നാടാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച രണ്ടംഗബെഞ്ച് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി വച്ചു. മാത്രമല്ല തമിഴ്‌നാട് ഗവര്‍ണര്‍ പിടിച്ചുവച്ച 10 ബില്ലുകള്‍ക്കും അനുമതി നല്‍കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി മുഖേന സുപ്രീംകോടതിക്ക് റഫറന്‍സ് അയച്ചത്. കേരളം, ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തമിഴ്‌നാടിനൊപ്പം കക്ഷിചേര്‍ന്നു. മഹാരാഷ്ട്രയും ഛത്തീസ്ഗഡും കേന്ദ്രത്തോടൊപ്പവും. ചീഫ് ജസ്റ്റിസ് ബി എസ് ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് പത്തുദിവസം വാദം കേട്ടശേഷമാണ് വിശദമായ മറുപടി നല്‍കിയത്.
ബില്ലുകളില്‍ സമയപരിധി നിശ്ചയിക്കാനാവില്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലെ വിധി
രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി വിധി പറഞ്ഞത്. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
അംഗീകാരം നല്‍കാത്ത ബില്ലുകള്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും തീരുമാനമെടുക്കുന്നതില്‍ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിര്‍ദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കാതെ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബില്‍ പാസ്സാകാതെ കോടതിക്ക് ഇടപെടാനാകില്ല. അംഗീകാരം ലഭിച്ച ബില്ലുകളിലാണ് ജുഡീഷ്യല്‍ റിവ്യൂ നടത്താനാകൂ. അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ വിവേചനപൂര്‍ണമായി തീരുമാനമെടുക്കണം. അകാരണമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. അംഗീകാരം നല്‍കാത്ത ബില്ലുകള്‍ ഒന്നുകില്‍ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ നിയമസഭയ്ക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
വഖഫ് നിയമഭേദഗതിക്ക് ഭാഗിക സ്റ്റേ
വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതി ഭാഗിക സ്‌റ്റേ നല്‍കി. വഖഫ് സമര്‍പ്പണത്തിന് ഒരാള്‍ അഞ്ച് വര്‍ഷമായി ഇസ്ലാം മതം ആചരിക്കുന്ന വ്യക്തിയായിരിക്കണം എന്ന സെക്ഷന്‍ 3(1) (ആര്‍) വ്യവസ്ഥ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ. മതവിശ്വാസിയാണോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വകുപ്പ് ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതിലേക്ക് നയിക്കുമെന്ന് നിരീക്ഷിച്ചാണ് സ്റ്റേ.
സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടല്‍. ഒരു എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും ഇത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിം അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥ സ്റ്റേ ചെയ്തില്ല. എന്നിരുന്നാലും, സാധ്യമാകുന്നിടത്തോളം ബോര്‍ഡിലെ എക്‌സ്-ഒഫീഷ്യോ അംഗം ഒരു മുസ്ലീം ആയിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും, സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിരീക്ഷിച്ചു.
രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് ഒരു പുതിയ വ്യവസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി. 1995-ലെയും 2013-ലെയും മുന്‍ നിയമങ്ങളിലും ഈ നിബന്ധനയുണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ട് കോടതി ഈ വ്യവസ്ഥയില്‍ ഇടപെട്ടില്ല. അതേസമയം, രജിസ്‌ട്രേഷനുള്ള സമയപരിധി കോടതി നീട്ടി നല്‍കിയിട്ടുണ്ട്. കോടതികള്‍ വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ-നോട്ടിഫൈ ചെയ്യാന്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. വഖഫ്-ബൈ-യൂസര്‍, ആധാരം വഴിയുള്ള വഖഫ് ഏതായാലും ഇതില്‍ മാറ്റം വരരുത് എന്നും ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ചരിത്രത്തിലാദ്യം: ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തുന്നത്. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് സുപ്രീംകോടതി പുറത്തുവിട്ടത്. സുപ്രീംകോടതിയുടെ വെബ്സൈറ്റില്‍ ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ കോടതിയുടെ വെസ്സൈറ്റില്‍ നല്‍കണമെന്ന് സുപ്രീം കോടതിയുടെ ഫുള്‍ ബെഞ്ച് കോര്‍ട്ട് 2025 ഏപ്രില്‍ 1ന് തീരുമാനമെടുക്കുകയായിരുന്നു. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. 2010 മുതല്‍ 2015 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് അടച്ചത് 91.47 കോടി രൂപയാണ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് കെ ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 8 ലക്ഷം നിക്ഷേപവും 6 ഏക്കര്‍ ഭൂമിയുമുണ്ട്.
അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണം
അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു പരമോന്നത കോടതി വിധി. ആരെയാണോ അറസ്റ്റ് ചെയ്യുന്നത് അവര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ തന്നെ കാരണം എഴുതി നല്‍കിയിരിക്കണം എന്നും കോടതി പറഞ്ഞു. നേരത്തെ അറസ്റ്റിന് മുമ്പ് കാരണം എഴുതി നല്‍കണമെന്ന നിബന്ധന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, യുഎപിഎ കേസുകളില്‍ മാത്രമാണ് നിര്‍ബന്ധമാക്കിയിരുന്നത്. ഐപിസി,ബിഎന്‍എസ് പ്രകാരമഉള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇനി നിബന്ധന ബാധകമാകും. പ്രതിക്ക് മേല്‍ ചുമത്തിയ കുറ്റം അതത് സമയത്ത് തന്നെ എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ വാക്കാല്‍ അറിയിക്കണം. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ റിമാന്‍ഡ് നടപടികള്‍ക്കായി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് തന്നെ കാരണം എഴുതിനല്‍കണം. ഇല്ലെങ്കില്‍ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമാവും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിധി. ഭരണഘടനയുടെ 22 (ഒന്ന്) അനുച്ഛേദപ്രകാരം അറസ്റ്റിനുള്ള കാരണം അറിയാനുള്ള വ്യക്തിയുടെ അവകാശം വെറുമൊരു ഔപചാരികത മാത്രമല്ലെന്ന് സുപ്രീംകോടതി ഓര്‍മപ്പെടുത്തി. അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുന്നത് മൗലികാവകാശ ലംഘനമാവും.
'പാര്‍ട്ടി പ്രവര്‍ത്തനം ജോലിയല്ല', പോഷ് നിയമം ബാധകമാക്കണമെന്ന ആവശ്യം തള്ളി
ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര പരാതിപരിഹാര സമിതി രൂപവല്‍ക്കരിക്കുന്നത് നിര്‍ബന്ധമല്ലെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കാന്‍ തന്നെ കോടതി വിസമ്മതിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നവര്‍ എങ്ങനെയാണ് ജീവനക്കാരാകുകയെന്നു കോടതി ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെയാണ് പോഷ് നിയമപ്രകാരം തൊഴില്‍സ്ഥലം എന്നതിന്റെ നിര്‍വചനത്തില്‍ വരാന്‍ കഴിയുകയെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, അതുല്‍ എസ് ചന്ദൂക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പാര്‍ട്ടിയും പ്രവര്‍ത്തകരും തമ്മില്‍ തൊഴിലാളി തൊഴിലുടമ ബന്ധം നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം ബന്ധം നിലനില്‍ക്കുന്നില്ലാത്തതിനാല്‍ 2013ലെ ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമപ്രകാരം ആഭ്യന്തര പരാതി പരിഹാര സമിതി സ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായ ബാധ്യതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയാണ് പരിഗണനയ്ക്കു വന്നത്.
പോഷ് നിയമപ്രകാരം, പരാതി നല്‍കുന്നതിനായി ഒരു സ്ത്രീ ആ സ്ഥാപനത്തില്‍ ജോലിക്കാരിയായിരിക്കേണ്ട ആവശ്യമില്ലെന്ന് ഹര്‍ജിക്കാരിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷക ശോഭാ ഗുപ്ത വാദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആരെയും ജോലിക്കെടുക്കുന്നില്ല എന്നത് പരിഗണിച്ച്, രാഷ്ട്രീയ പാര്‍ട്ടികളെ എങ്ങനെ ഒരു തൊഴിലിടമായി കണക്കാക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സംഘടിത സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതൊരു സ്ഥാപനമാണെന്നും ശോഭാ ഗുപ്ത വാദിച്ചു. എന്നാല്‍, ഒരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ അതൊരു ജോലിയല്ലെന്നും അതിന് ശമ്പളമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളി.
ഗൂഢാലോചന വെളിപ്പെട്ടാല്‍ ഒരേ സംഭവത്തില്‍ രണ്ടാമതും എഫ്ഐആര്‍ ആവാം
ആദ്യ എഫ്ഐആറില്‍ സൂചിപ്പിച്ച സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ഗൂഢാലോചന അന്വേഷണത്തില്‍ വെളിപ്പെട്ടാല്‍ ഒരേ സംഭവത്തില്‍ രണ്ടാമതൊരു എഫ്ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാമെന്ന സുപ്രധാന വിധി വന്നു. അഞ്ച് സാഹചര്യങ്ങളിലാണ് രണ്ടാമത്തെ എഫ്ഐആര്‍ ഇടാന്‍ കഴിയുക. എതിര്‍ പരാതിയോ ആദ്യം രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍. ഒരേ സാഹചര്യത്തില്‍ നിന്ന് രൂപപ്പെട്ട കുറ്റകൃത്യമെങ്കില്‍. ആദ്യത്തെ എഫ്ഐആറും അല്ലെങ്കില്‍ കേസിലെ വ്സ്തുതകളും വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണിത്തിലോ മറ്റോ തെളിഞ്ഞാല്‍. അന്വേഷണവും കേസുമായി ബന്ധപ്പെട്ട ആളുകളും പുതിയ വസ്തുതയോ സാഹചര്യമോ വെളിച്ചത്തുകൊണ്ടുവന്നാല്‍. കുറ്റകൃത്യം സമാനമായാലും വ്യത്യസ്ത സംഭവങ്ങളെങ്കില്‍. ഇങ്ങനെ അഞ്ച് സാഹചര്യങ്ങളില്‍ രണ്ടാമത് എഫ്ഐആര്‍ ഇടാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പം ജാമ്യം നല്‍കരുത്
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതികള്‍ക്ക് പുതിയ നിര്‍ദ്ദേശം സുപ്രീംകോടതി മുന്നോട്ടു വെച്ചു. ക്രിമിനല്‍ പശ്ചാത്തലവും കുറ്റത്തിന്റെ തീവ്രതയും പരിഗണിച്ചുവേണം ഹൈക്കോടതികള്‍ ജാമ്യം നല്‍കേണ്ടത്. പറ്റ്ന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിര്‍ദ്ദേശം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ആദ്യത്തേത് പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുക എന്നതാണ്. സ്ഥിരം കുറ്റവാളികള്‍ ആണെങ്കില്‍ ജാമ്യം നിഷേധിക്കാം. കുറ്റത്തിന്റെ തീവ്രതയാണ് രണ്ടാമതായി പരിശോധിക്കേണ്ടത്. മുന്‍പ് കുറ്റം ചെയ്തിട്ടില്ലാത്തവരാണെങ്കിലും ക്രൂര കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജാമ്യം നല്‍കുന്നത് ശ്രദ്ധിച്ചു വേണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്താനാവില്ല
രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്തുന്ന സാഹചര്യം പലപ്പോഴും കേസുകളിലുണ്ടാകാറുണ്ട്. ഇതിന് തടയിടുന്ന രീതിയിലായിരുന്നു ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഇത്തരം സാഹചര്യങ്ങളില്‍ ബലാത്സംഗ കുറ്റം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഔറംഗാബാദിലെ ഒരു അഭിഭാഷകനെതിരെ ഫയല്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിയോജിപ്പിലോ നിരാശയിലോ അവസാനിച്ചു എന്നതുകൊണ്ട് മാത്രം പരസ്പര സമ്മതത്തോടെയുള്ള ഒരു ബന്ധത്തില്‍ സംഭവിച്ച ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റാന്‍ കഴിയില്ലെന്നും വിവാഹ വാഗ്ദാനം നല്‍കിയുള്ള ബലാത്സംഗ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സമ്മതത്തോടെ രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്നതിലേയ്ക്ക് നയിക്കില്ല. പ്രാരംഭ ഘട്ടത്തില്‍ പരസ്പര സമ്മതത്തോടെയുള്ള ബന്ധം ദാമ്പത്യ ബന്ധമായി മാറുന്നില്ലെങ്കില്‍ അതിന് കുറ്റകൃത്യത്തിന്റെ നിറം നല്‍കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും തുടക്കം മുതല്‍ തന്നെ സ്ത്രീയെ വഞ്ചിക്കുകയായിരുന്നെന്നും തെറ്റായ വാഗ്ദാനം വിശ്വസിച്ചാണ് സ്ത്രീ സമ്മതം നല്‍കിയതെന്നും തെളിയിക്കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ ഇന്‍ഷുറന്‍സിന് അര്‍ഹതയില്ല
പലപ്പോഴും വാഹനാപകട ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും കേസുകളും നടക്കാറുണ്ട്. ഇതിന് ഒരു തീര്‍പ്പ് കല്‍പ്പിച്ചിരിക്കുകയാണ് സുപ്രീംകോടതി. അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തില്‍ മരിച്ചാല്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാധ്യതയില്ലൊന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാല്‍ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യത്തില്‍ ബലാത്സംഗക്കേസ് റദ്ദാക്കാം
കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിവിധിക്കെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഗുരുതരകുറ്റമാണ് ബലാത്സംഗം. ഒത്തുതീര്‍പ്പിന്റെ പേരില്‍ ബലാത്സംഗക്കേസിലെ ക്രിമിനല്‍നടപടികള്‍ റദ്ദാക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുമല്ല. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 482-ാം വകുപ്പുപ്രകാരം നീതി നടപ്പാക്കാനുള്ള കോടതിയുടെ അധികാരം ഇടുങ്ങിയ ഫോര്‍മുലവെച്ച് തളച്ചിടാനും പാടില്ല. ഓരോ കേസിന്റേയും വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചുവേണം തീരുമാനമെന്നും കോടതി പറഞ്ഞു.
ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം, പുതുക്കിയ നിര്‍വചനം മരവിപ്പിച്ചു
2025 ഡിസംബര്‍ അവസാനം വന്ന വിധികളില്‍ ഏറ്റവും പ്രസക്തമായ വിധിയാണ് ആരവല്ലി മലനിരകളെ സംബന്ധിച്ചുണ്ടായത്. ആരവല്ലി മലനിരകളെ സംബന്ധിച്ച പുതുക്കിയ നിര്‍വചനം സുപ്രീംകോടതി മരവിപ്പിക്കുകയായിരുന്നു. നൂറുമീറ്ററോ അതില്‍ക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിര്‍വചനത്തിന് വ്യക്തത വേണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടത്. പുതിയ നിര്‍വചനം സംബന്ധിച്ച് ചില ചോദ്യങ്ങളും കോടതി സര്‍ക്കാരിനോട് ഉന്നയിച്ചു. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസും നല്‍കിയിട്ടുണ്ട്. പുതിയ നിര്‍വചനം സംരക്ഷിത മേഖലയുടെ വ്യാപ്തി കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ടോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഇത്തരമൊരു പരിമിതമായ നിര്‍വചനംവഴി ഖനനത്തിന് അനുമതി ലഭിക്കാവുന്ന മേഖലകളുടെ വ്യാപ്തി വര്‍ധിക്കാന്‍ ഇടയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുന്നുകളുടെ ഉയരവും കുന്നുകള്‍ക്കിടയിലെ അകലവും സംബന്ധിച്ചും ഇവയ്ക്കിടയില്‍ ഖനനം അനുവദിക്കാനാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആരവല്ലി നിരകളുടെ പാരിസ്ഥിതികമായ തുടര്‍ച്ച എങ്ങനെ നിലനിര്‍ത്തും എന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ നിയമപരമായ ചട്ടക്കൂടുകളില്‍ വിടവുകള്‍ ഉണ്ടെങ്കില്‍, പര്‍വതനിരകളുടെ ഘടനാപരമായ തുടര്‍ച്ച കാത്തുസൂക്ഷിക്കാന്‍ സമഗ്രമായ വിലയിരുത്തല്‍ ആവശ്യമാകില്ലേയെന്നുമാണ് കോടതി ചോദിച്ച പ്രസക്തമായ കാര്യം. ഇതിനുള്ള മറുപടി സര്‍ക്കാര്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണം. ഇത് ചൂണ്ടിക്കാട്ടിയാണ് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പുതിയ നിര്‍വചനപ്രകാരം ഖനനമേഖല കൂടുമോയെന്ന് അറിയിക്കണം, വിശദപരിശോധന നടത്തണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിനായി ഒരു വിദഗ്ധസമിതിയെ രൂപവത്കരിക്കുമെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ആരവല്ലി മലനിരകളുടെ മാനദണ്ഡം മാറ്റിയതില്‍ പ്രതിഷേധം ശക്തമായതോടെ സുപ്രീംകോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. നവംബര്‍ 20-ന്റെ സുപ്രീംകോടതി ഉത്തരവിലാണ് ആരവല്ലി കുന്നുകളെ സംബന്ധിച്ച പുതിയ നിര്‍വചനം അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം, തറനിരപ്പില്‍നിന്ന് നൂറ് മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തിലുള്ള കുന്നുകളാണ് ആരവല്ലി കുന്നിന്റെ നിര്‍വചനത്തില്‍ വരിക. 500 മീറ്റര്‍ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേര്‍ത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിര്‍വചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലിയുടെ ഭാഗമാകില്ല. ആരവല്ലി കുന്നിനും മലനിരകള്‍ക്കുമേര്‍പ്പെടുത്തിയിട്ടുള്ള കര്‍ശനമായ ഖനന വിലക്ക് കുന്ന് അല്ലാത്തവയ്ക്ക് ബാധകമാക്കേണ്ടതില്ല. അങ്ങനെവരുമ്പോള്‍ ആരവല്ലിയുടെ 90 ശതമാനം ഭാഗവും നിര്‍വചനപരിധിക്ക് പുറത്താകും.
കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂ
കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യ തള്ളി. ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ സഞ്ജയ് കരോല്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മഹാരാഷ്ട്ര സ്വദേശിയായ ചാന്ദ് ഖാന്റെ വിധവ സൊഹര്‍ബീ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. സ്വത്തില്‍ ഒരു ഭാഗം വില്‍ക്കാന്‍ ചാന്ദ് ഖാന്‍ ജീവിച്ചിരിക്കേ കരാറുണ്ടായിരുന്നതുകൊണ്ട് വിധവയ്ക്ക് അതില്‍ അവകാശമില്ലെന്ന എതിര്‍വാദം വാദം സുപ്രീംകോടതി തള്ളി.
രണ്ട് സുപ്രീംകോടതി ജസ്റ്റിസുമാര്‍ ചുമതലയേറ്റ വര്‍ഷം
രാജ്യത്തിന്റെ 52 ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തതിനും പോയ വര്‍ഷം സാക്ഷിയായി. 2025 മെയ് 14നായിരുന്നു ബി എസ് ഗവായ് ചുമതലയേറ്റത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലാണ് ഖന്ന എത്തിയത്. 2025 നവംബര്‍ 23 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. രാജ്യത്തെ പരമോന്നത നീതിപീഠ പദവിയിലെത്തുന്ന ആദ്യത്തെ ബുദ്ധമത വിശ്വാസിയും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ജഡ്ജിയുമായി അദ്ദേഹം. ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദലിത് വിഭാഗത്തില്‍നിന്ന് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയ ആദ്യത്തെയാള്‍. ബി ആര്‍ ഗവായി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 2025 നവംബര്‍ 24ന് 53-ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2027 ഫെബ്രുവരി 9 വരെ ഏകദേശം 15 മാസക്കാലം അദ്ദേഹം ഈ പദവിയില്‍ തുടരും. സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ആണ് സൂര്യകാന്തിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാവില്ല
ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ലോട്ടറി ഒരു സേവനമല്ലെന്നും, അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണെന്നും അതിനാല്‍ സേവന നികുതി ചുമത്താനാകില്ലെന്നുമായിരുന്നു സിക്കിം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്.
പൊതുവിടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ നീക്കണം
പൊതുവിടങ്ങളില്‍ നിന്നും തെരുവു നായ്ക്കളെ നീക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സുപ്രധാന തീരുമാനമായിരുന്നു. സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡ്, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെ തെരുവുനായ ശല്യം ഒഴിവാക്കണം. ഇതിനുള്ള നടപടി എല്ലാ സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കണമെന്ന് സുപ്രീംകോടതി സുപ്രധാന ഉത്തരവില്‍ വ്യക്തമാക്കി. തെരുവുനായ പ്രശ്നത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് വിക്രം നാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. കൃത്യമായ പരിശോധനകള്‍ ദിനം പ്രതി ഉദ്യോഗസ്ഥര്‍ നടത്തണം. പിടികൂടിയ തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. ഇതിനായി ദേശീയപാതകളിലും റോഡുകളിലും പട്രോളിങ് നടത്തണം. സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ തെരുവുനായകള്‍ കയറുന്നില്ലെന്ന് ഉറപ്പാക്കണം. എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് ചീഫ് സെക്രട്ടറിമാര്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates