റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന്റെ വിജയക്കുതിപ്പിന് തടയിട്ട് ഡൽഹി. 98 റൺസിനാണ് ഡൽഹി കേരളത്തെ തോൽപ്പിച്ചത്. ഓപ്പണർ പ്രിയ പൂനിയയുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഡൽഹി ഉയർത്തിയ 319 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടരെയുള്ള നാല് വിജയങ്ങൾക്ക് ശേഷമാണ് കേരളം തോൽവി വഴങ്ങിയത്.
സ്കോർ: ഡൽഹി - 50 ഓവറിൽ 318/4, കേരളം 50 ഓവറിൽ 220/9
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കം നൽകി. ഓപ്പണർ പ്രഗ്യ റാവത്തിനെ (18) മൃദുല വി എസ് പുറത്താക്കിയെങ്കിലും മറുവശത്ത് ഉറച്ചുനിന്ന പ്രിയ പൂനിയയുടെ ഇന്നിങ്സാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തനീഷ സിങ്ങിനും ദീക്ഷയ്ക്കുമൊപ്പം മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയ പ്രിയ അതിവേഗം ഇന്നിങ്സ് മുന്നോട്ടു നീക്കി. 51 റൺസെടുത്ത തനീഷയെയും 30 റൺസെടുത്ത ദീക്ഷയെയും എസ്. ആശയാണ് പുറത്താക്കിയത്.
മറുവശത്ത് ബാറ്റിങ് തുടർന്ന പ്രിയ പൂനിയ സെഞ്ച്വറി പൂർത്തിയാക്കി. 126 പന്തുകളിൽ 15 ഫോറും രണ്ട് സിക്സുമടക്കം 133 റൺസെടുത്ത പ്രിയ പൂനിയ 44-ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച ശ്വേത ഷെറാവത്താണ് ഡൽഹിയുടെ സ്കോർ 300 കടത്തിയത്. വെറും 33 പന്തുകളിൽ നിന്ന് പുറത്താകാതെ 65 റൺസാണ് ശ്വേത നേടിയത്. കേരളത്തിന് വേണ്ടി എസ്. ആശ രണ്ടും, മൃദുല വി.എസ്, സലോനി ഡങ്കേരെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം പാളി. മുൻ മത്സരങ്ങളിൽ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റൻ ടി. ഷാനിയും എ. അക്ഷയയും പൂജ്യത്തിന് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ദൃശ്യയും ആശയും ചേർന്ന് ചെറിയൊരു ചെറുത്തുനിൽപ്പിന് തുടക്കമിട്ടെങ്കിലും ഇരുവരും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ ഡൽഹി മത്സരത്തിൽ പിടിമുറുക്കി. ദൃശ്യ 31-ഉം ആശ 17-ഉം റൺസാണ് നേടിയത്. 19 റൺസെടുത്ത പ്രണവി ചന്ദ്ര കൂടി മടങ്ങിയതോടെ അഞ്ച് വിക്കറ്റിന് 90 റൺസെന്ന നിലയിലായിരുന്നു കേരളം.
മധ്യനിരയിൽ നജ്ല സി.എം.സിയും (37) വൈഷ്ണ എം.പിയും (31) പൊരുതി നോക്കിയെങ്കിലും റൺറേറ്റ് ഉയർത്താനായില്ല. വാലറ്റത്ത് സലോനി ഡങ്കേരെ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിന്റെ തോൽവിയുടെ ആഘാതം കുറച്ചത്. 54 പന്തുകളിൽ നിന്ന് പുറത്താകാതെ 59 റൺസുമായി സലോനി പുറത്താകാതെ നിന്നു. ഡൽഹിക്കായി നസ്മ മൂന്നും ആയുഷി സോണി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates