ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂവർ റാണ (64)യെ ഇന്ത്യയിൽ എത്തിച്ചു. പിന്നാലെ ദേശീയ അന്വേഷണ ഏജൻസി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. യുഎസിൽ നിന്നു ഇയാളെയും കൊണ്ടുള്ള വ്യോമസനേയുടെ പ്രത്യേക വിമാനം ഇന്ത്യയിലെത്തി. പാലം വിമാനത്താവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്.
ഓൺലൈനായാണ് തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കുക. ഇതിനു ശേഷം മുംബൈയിലേക്ക് കൊണ്ടും പോകും. എൻഐഎ അഭിഭാഷകർ പട്യാല ഹൗസ് കോടതിയിൽ എത്തിയിട്ടുണ്ട്.
കമാൻഡോ സുരക്ഷയിലാണ് ഇയാളെ മുംബൈയിലേക്ക് കൊണ്ടു പോകുക. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കൈമാറ്റം നടന്നത്. 12 ഉദ്യോഗസ്ഥരായിരിക്കും റാണയെ ചോദ്യം ചെയ്യുക.
റാണയ്ക്കെതിരെയുള്ള ദേശീയ അന്വേഷണ ഏജൻയുടെ കേസ് നടത്തുന്നതിനായി കേന്ദ്ര സർക്കാർ അഭിഭാഷകൻ നരേന്ദർ മാനെയെ സ്പെഷൽ പോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. 3 വർഷത്തേക്കാണ് നിയമനം.
ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് റാണയെ ഇന്ത്യയ്ക്കു കൈമാറിയത്. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണ ഹര്‍ജിയില്‍ ആരോപിച്ചത്. ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ, ഫെബ്രുവരിയില്‍ അടിയന്തര അപേക്ഷ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം അതു തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് റാണ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരില്‍ ഒരാളായ പാകിസ്ഥാന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി തഹാവൂര്‍ റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. റാണയെ കൈമാറണമെന്ന് ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു.
2018 ഓഗസ്റ്റില്‍ ഇന്ത്യ തഹാവൂര്‍ റാണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും, അയാള്‍ നിയമനടപടി നേരിടണമെന്നും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രസ്താവിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates