പ്രതീകാത്മക ചിത്രം AI Generated
India

ടെലഗ്രാം നിരോധനം: അടുത്തത് വാട്ട്‌സ്ആപ്പോ? കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുലും കെജ്‌രിവാളും; 'ശിക്ഷിക്കപ്പെടുന്നത് 15 കോടി സാധാരണക്കാർ'

ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തിയവരെ ശിക്ഷിക്കാതെ, ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെയാണ് നിരോധനം ശിക്ഷിക്കുന്നതെന്ന് ടെലഗ്രാം സ്ഥാപകനായ പാവല്‍ ഡുറോവും വിമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ന്യൂഡല്‍ഹി : 2026 ലെ നീറ്റ് യുജി പുനപരിശോധനയ്ക്കു മുന്നോടിയായി ടെലിഗ്രാം ആപ്പിന് ഏര്‍പ്പെടുത്തിയ താത്കാലിക നിയന്ത്രണം വിവാദമായി. ചോദ്യപേപ്പര്‍ ചോര്‍ച്ചയും തട്ടിപ്പുകളും തടയാനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തി. 'അടുത്തതായി വാട്ട്‌സ്അപ്പ് നിരോധിക്കുമോ?' എന്ന ചോദ്യമാണ് ഇരുവരും ഉയര്‍ത്തിയത്.

ജൂണ്‍ 21ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ജൂണ്‍ 22 വരെ ടെലഗ്രാമിന് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദേശീയ പരീക്ഷാ ഏജന്‍സിയായ എന്‍ടിഎയുടെ (NTA) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഐടി നിയമത്തിലെ സെക്ഷന്‍ 69A പ്രകാരമാണ് നടപടി. പരീക്ഷാ തട്ടിപ്പ് സംഘങ്ങള്‍ ടെലഗ്രാം ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പറുകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണെന്നാണ് സര്‍ക്കാര്‍ നടപടി.

എന്നാല്‍ ടെലിഗ്രാം നിരോധിക്കുന്നതിലൂടെ പ്രശ്‌നത്തിന്റെ മൂലകാരണം പരിഹരിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനുപകരം വിദ്യാര്‍ഥികളെയും സാധാരണ ഉപയോക്താക്കളെയും ബാധിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. പരീക്ഷാ സുരക്ഷയിലെ വീഴ്ചകള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അരവിന്ദ് കെജ്രിവാളും സമാന നിലപാടാണ് സ്വീകരിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉപയോഗിക്കാവുന്ന ഏക പ്ലാറ്റ്ഫോം ടെലഗ്രാം മാത്രമല്ലെന്നും, ഒരു ആപ്പിനെ നിരോധിക്കുന്നതിലൂടെ ഇത്തരം സംഭവങ്ങള്‍ അവസാനിക്കില്ലെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തിന്റെ ഉറവിടം കണ്ടെത്തുകയും പരീക്ഷാ സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ നിലപാട്.

ടെലഗ്രാം സ്ഥാപകനായ പാവല്‍ ഡുറോവും സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച നടത്തിയവരെ ശിക്ഷിക്കാതെ, ഇന്ത്യയിലെ 15 കോടിയിലധികം വരുന്ന സാധാരണ ഉപയോക്താക്കളെയാണ് നിരോധനം ശിക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാം നിരോധിച്ചതുകൊണ്ട് ചോര്‍ച്ച അവസാനിക്കുന്നില്ലെന്നും, ബന്ധപ്പെട്ടവര്‍ മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് മാറിയെന്നും ഡുറോവ് അഭിപ്രായപ്പെട്ടു.

ഇതിനിടെ ടെലഗ്രാം നിരോധനത്തിനെതിരെ കമ്പനി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. താത്കാലിക വിലക്ക് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ആവശ്യവും കമ്പനി ഉന്നയിച്ചിട്ടുണ്ട്. നിയമപരമായ എല്ലാ അന്വേഷണങ്ങളോടും സഹകരിക്കാന്‍ തയ്യാറാണെന്നും ടെലിഗ്രാം വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷകളിലൊന്നായ നീറ്റിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വിവാദം ചര്‍ച്ചയാകുന്നത്. ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെ നിയന്ത്രിക്കുന്നത് പ്രശ്‌നപരിഹാരമാകുമോ, അതോ പരീക്ഷാ സംവിധാനത്തിലെ അടിസ്ഥാന പോരായ്മകളെ പരിഹരിക്കുകയാണോ വേണ്ടതെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ ശക്തമാകുന്നത്.

Telegram ban: Is WhatsApp next? Rahul and Kejriwal against the central government; '15 crore common people are being punished'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം