ലഖ്നൗ: മുൻ എംപിയും രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപാതകം നടന്നതിന് തലേദിവസം പ്രതികൾ വധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കനത്ത പൊലീസ് സുരക്ഷയെത്തുടർന്നാണ് കൃത്യം നടക്കാതെ പോയതെന്നാണ് റിപ്പോർട്ട്.
കൊലപാതകത്തിന് ഉപയോഗിച്ച ഇന്ത്യയിൽ നിരോധിച്ച തുർക്കിഷ് പിസ്റ്റൾ, പ്രതികളിലൊരാളായ സണ്ണി സിങ്ങിന് 2021 ൽ ഗുണ്ടാനേതാവിൽ നിന്നും ലഭിച്ചതാണ്. ഇയാൾ ആ വർഷം ഡിസംബറിൽ മരിച്ചു പോയതായും സണ്ണി സിങ് പൊലീസിനോട് പറഞ്ഞു. പ്രതികളുടെ കയ്യിൽ നിന്നും ഇന്ത്യയിൽ നിരോധിച്ച തുർക്കിഷ് സിഗാന പിസ്റ്റളുകൾ കണ്ടെടുത്തിരുന്നു.
അതിഥിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ സണ്ണി സിങ്, അരുൺ മൗര്യ, ലവ് ലേഷ് തിവാരി എന്നീ മൂന്നുപേരാണ് അറസ്റ്റിലായത്. കൊലപാതകക്കേസിൽ അറസ്റ്റിലായ അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ പ്രതികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.
അതിനിടെ, അതിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ലവ് ലേഷ് തിവാരിയുടെ മൂന്നു സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നറിയാൻ പ്രത്യേക അന്വേഷണ സംഘം ഹാമിർപൂർ, കാസ്ഗഞ്ച് മേഖലയിൽ അന്വേഷണം തുടരുകയാണ്.
അതേസമയം അതിഖ് അഹമ്മദിന്റെ ഭാര്യയും, ഗുണ്ടാസാമ്രാജ്യത്തിലെ റാണിയുമായ ഷയ്സ്ത പർവീണിനെ കണ്ടെത്താൻ പൊലീസ് റെയ്ഡ് തുടരുകയാണ്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏതാനും ഒളിവിടങ്ങളിൽ പരിശോധന നടത്തി. തിരച്ചിലിനായി ഡ്രോണുകളും പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഷയ്സ്തയെ യുപി പൊലീസ് മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates