ചെന്നൈ: സനാതന ധർമ്മത്തെക്കുറിച്ചുള്ള തന്റെ വിവാദ പരാമർശങ്ങളിൽ മാറ്റമില്ലെന്ന് തമിഴ്‌നാട് നിയമസഭയിൽ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന സനാതന ധർമ്മം തീർച്ചയായും ഇല്ലാതാക്കപ്പെടണമെന്നാണ് തൻറെ എപ്പോഴത്തേയും നിലപാടെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കന്നി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി . 2023-ൽ സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പരാമർശങ്ങൾ ദേശീയതലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ള ഭരണപക്ഷ നിരയെ സാക്ഷിയാക്കിയായിരുന്നു ഉദയനിധിയുടെ കടന്നാക്രമണം. പുതിയ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്ത്' (തമിഴ് ഗീതം) അവഗണിച്ചുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ചടങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് തമിഴ് ഗീതത്തെ മാറ്റിയത് തെറ്റായ നടപടിയാണെന്നും ഇത്തരത്തിലുള്ള കീഴ്‌വഴക്കങ്ങൾ തമിഴ് ജനതയുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. "ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ അനുവദിക്കില്ല," ഉദയനിധി മുന്നറിയിപ്പ് നൽകി.
ലോയോള സഹപാഠികൾ; പക്ഷേ രാഷ്ട്രീയത്തിൽ 'സീനിയർ'
പ്രസംഗത്തിനിടയിൽ സഭയിൽ നേരിയ ചിരി പടർത്തിയ നിമിഷങ്ങളുമുണ്ടായി. താനും മുഖ്യമന്ത്രി വിജയ്യും സ്പീക്കർ ജെ.സി.ഡി പ്രഭാകറും ചെന്നൈ ലോയോള കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണെന്ന് ഉദയനിധി ഓർമ്മിപ്പിച്ചു. എങ്കിലും രാഷ്ട്രീയത്തിൽ ഡിഎംകെ 'സീനിയർ ബാച്ച്' ആണെന്ന തമാശയും അദ്ദേഹം പങ്കുവെച്ചു. ഭരണപക്ഷത്തിന് ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ അംഗബലമെന്നും ഗവൺമെന്റിന്റെ കടിഞ്ഞാണായി തങ്ങൾ സഭയിൽ പ്രവർത്തിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.
തിരിച്ചടിച്ച് ബിജെപി
ഉദയനിധിയുടെ പ്രസംഗത്തിന് പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതുകൊണ്ടാണ് തമിഴ് ജനത ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കിയതെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി പരിഹസിച്ചു. ഇത്തരം പരാമർശങ്ങൾ തുടർന്നാൽ തമിഴ്‌നാട്ടിൽ നിന്ന് ഡിഎംകെ പൂർണ്ണമായും തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം 'എക്സിൽ' കുറിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates