ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിവസം കോണ്‍ഗ്രസ് എംപി രേണുക ചൗധരി നായയുമായി പാര്‍ലമെന്റില്‍ എത്തിയത് വിവാദത്തില്‍. സംഭവത്തില്‍ എംപിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. നായുമായി പാര്‍ലമെന്റില്‍ എത്തിയ എംപിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
നായ നിരുപദ്രവകാരിയായ ജീവിയാണെന്നായിരുന്നു ഇത് സംബന്ധിച്ച് രേണുക ചൗധരിയുടെ പ്രതികരണം. സര്‍ക്കാരിന് ഒരുപക്ഷെ മൃഗങ്ങളെ അകത്ത് ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ എന്താണ് ഇതില്‍ പ്രശ്‌നം?. ഇത് ആരെയും കടിക്കില്ലെന്നും രേണുക ചൗധരി പറഞ്ഞു. കടിക്കുമെന്ന് ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് പാര്‍ലമെന്റിനകത്താണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രേണുക ചൗധരിയുടെ നടപടി പാര്‍ലമെന്റ് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ബിജെപി എംപി പറഞ്ഞു. ചൗധരിയുടെ നടപടി എംപിമാരുടെ പ്രത്യേക ആനൂകുല്യങ്ങളുടെ ദുരുപയോഗമാണെന്നും അവര്‍ക്കെതിരെ നകര്‍ശന നടപടി വേണമെന്നും ബിജെപി ജഗംദംബിക പാല്‍ പറഞ്ഞു.
തെരുവുനായ്ക്കളെ ഷെല്‍ട്ടറില്‍ അടയ്ക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് എംപി വളര്‍ത്തുനായയുമായി പാര്‍ലമെന്റ് സന്ദര്‍ശക ഗാലറിയില്‍ എത്തിയത്. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നിര്‍മാര്‍ജനം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates