Mortal remains of victims, who were killed in the boat accident off Vietnam's Phu Quoc Island, arrive at Chennai airport,  PTI
India

'3 മിനിറ്റ്, 300 മീറ്റർ; എല്ലാം കഴിഞ്ഞു'; വിയറ്റ്നാം ബോട്ട് ദുരന്തത്തിന്റെ ഭീകരനിമിഷങ്ങൾ ഓർത്തെടുത്ത് അതിജീവിച്ച യാത്രികൻ

അടച്ചുപൂട്ടിയ ബോട്ടിനുള്ളിൽ ലൈഫ് ജാക്കറ്റ് ധരിച്ചിട്ടും യാത്രക്കാർ കുടുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിച്ച ചെന്നൈ സ്വദേശി നിർമ്മൽ കുമാർ. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിൽ തിരിച്ചെത്തിയ അദ്ദേഹം, സാധാരണമായ ഒരു ദ്വീപ് യാത്ര മിനിറ്റുകൾക്കകം എങ്ങനെയാണ് മരണപ്പാച്ചിലായി മാറിയതെന്ന് കൺമുന്നിൽ കണ്ട ഭീകരനിമിഷങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു.

ജൂലൈ 11-നാണ് വിയറ്റ്നാമിലെ ഹോൺ മേ റൂട്ട് എൻഗോയിക്ക് സമീപം 32 ഇന്ത്യൻ വിനോദസഞ്ചാരികളും 4 പ്രാദേശിക ജീവനക്കാരുമടക്കം 36 പേർ സഞ്ചരിച്ച സ്പീഡ് ബോട്ട് വൻ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ 15 പേർ മരണപ്പെടുകയും 16 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ച 15 പേരിൽ 10 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരും 3 പേർ ആന്ധ്രാപ്രദേശുകാരും രണ്ട് പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. മരണപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു

പെട്ടെന്നുണ്ടായ വൻ തിരമാല; ബോട്ടിനുള്ളിൽ കുടുങ്ങിപ്പോയവർ

തന്റെ കുട്ടിക്കാലത്തെ സുഹൃത്തിന്റെ മൃതദേഹം കണ്ടെത്തുന്നത് വരെ വിയറ്റ്നാമിൽ തുടർന്ന ശേഷമാണ് ഇദ്ദേഹം ഇപ്പോൾ നാട്ടിലെത്തിയത്. 'ജൂലൈ 8-ന് ആരംഭിച്ച വിനോദയാത്രയുടെ അവസാന ഘട്ടത്തിലായിരുന്നു ഞങ്ങൾ. ജൂലൈ 11-ന് ഒരു ദ്വീപിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ വലിയ, മുകൾഭാഗം അടച്ച സ്പീഡ് ബോട്ടിലാണ് കയറിയത്. ബോട്ടിൽ കയറി വെറും മൂന്ന് മിനിറ്റിനുള്ളിൽ, ഏകദേശം 300 മീറ്റർ മാത്രം പിന്നിട്ടപ്പോഴേക്കും ബോട്ട് തലകീഴായി മറിഞ്ഞു' - നിർമ്മൽ കുമാർ പറഞ്ഞു

ശക്തമായ ഒരു രാക്ഷസ തിരമാല വന്ന് അടിച്ചതോടെ ബോട്ട് ഒരു വശത്തേക്ക് അല്പം ചരിഞ്ഞു. ഇതോടെ ബോട്ടിന്റെ ഇടതുവശത്തിരുന്ന യാത്രക്കാരെല്ലാം ഒന്നിച്ച് വലതുവശത്തേക്ക് വീണു. ഭാരം പെട്ടെന്ന് ഒരു ഭാഗത്തേക്ക് മാറിയതോടെ ബോട്ട് പൂർണ്ണമായും തലകീഴായി മറിയുകയായിരുന്നു. ബോട്ടിലെ ഡ്രൈവറും ഗൈഡും ആദ്യം തന്നെ വെള്ളത്തിലേക്ക് ചാടി. ഇവരെ കണ്ടതോടെ താനും മറ്റ് 20 ഓളം യാത്രക്കാരും പുറത്തേക്ക് ചാടി രക്ഷപെട്ടു. എന്നാൽ ബോട്ടിന്റെ പുറകിൽ ഇരുന്നവർക്ക് അതിന് സാധിച്ചില്ല. ബോട്ടിന്റെ മുകൾഭാഗം ഗ്ലാസിട്ട് അടച്ച രൂപത്തിലായിരുന്നതിനാൽ 15 യാത്രക്കാർ അതിനുള്ളിൽ പെട്ടുപോയി. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും തലകീഴായി മറിഞ്ഞ ബോട്ടിന്റെ ഭാരത്തിനടിയിൽ പെട്ടുപോയതിനാൽ അവർക്ക് പുറത്തുകടക്കാനായില്ലെന്ന് അദ്ദേഹം കണ്ണീരോടെ ഓർത്തു.

അടിയന്തിര മരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ 5 ജീവനുകൾ എങ്കിലും രക്ഷിക്കാമായിരുന്നു

അപകടം നടന്ന് 10 മിനിറ്റിനുള്ളിൽ തന്നെ വിയറ്റ്നാം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പുറത്ത് ഒഴുകിനടന്നവരെ രക്ഷപെടുത്തിയിരുന്നു. എന്നാൽ ബോട്ടിനടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ 20 മുതൽ 30 മിനിറ്റ് വരെയെടുത്തു. യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു ഇന്ത്യൻ ഡോക്ടറുടെ നിരീക്ഷണം ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. അപകടം നടന്നയുടൻ പ്രാഥമികമായി നൽകേണ്ട ചില അത്യാഹിത മരുന്നുകൾ ബോട്ടിലോ ടൂറിസ്റ്റ് കേന്ദ്രത്തിലോ ലഭ്യമായിരുന്നെങ്കിൽ ശ്വാസം മുട്ടിയ 4 അല്ലെങ്കിൽ 5 പേരുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇക്കാര്യം വിയറ്റ്നാം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ഫോൺ ഡീലർമാരുടെ സംഘം; മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

തമിഴ്‌നാട്ടിലെ പ്രമുഖ മൊബൈൽ ഫോൺ വിതരണക്കാരുടെ സ്പോൺസേർഡ് യാത്രയുടെ ഭാഗമായി പോയവരാണ് അപകടത്തിൽപ്പെട്ട പത്തിലധികം പേരും. മരിച്ച തമിഴ്‌നാട് സ്വദേശികളിൽ നാല് പേർ ചെന്നൈയിൽ നിന്നുള്ളവരും, മൂന്ന് പേർ തിരുച്ചിറപ്പള്ളിയിൽ നിന്നുള്ളവരും, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ്.

15 ഇന്ത്യക്കാരുടെയും ഭൗതികശരീരങ്ങൾ തിങ്കളാഴ്ച രാത്രി 9.30-ഓടെ പ്രത്യേക വിമാനത്തിൽ മുംബൈയിൽ എത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെയോടെ ചെന്നൈ, കോയമ്പത്തൂർ വിമാനത്താവളങ്ങളിലേക്ക് എത്തിച്ച് ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. വിദേശമണ്ണിലുണ്ടായ അപ്രതീക്ഷിത ദുരന്തത്തിൽ കുടുംബങ്ങൾ ആകെ തകർന്നിരിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവർക്കായി പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും നിർമ്മൽ കുമാർ അഭ്യർത്ഥിച്ചു.

In a harrowing first-hand account, a survivor of the recent Vietnam speedboat tragedy who returned to Chennai on Monday night detailed the terrifying moments when their vessel capsized near Hon May Rut Ngoai off Phu Quoc Island on July 11,

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രവുമായി യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുമുട്ടലിനില്ല'; വിഡി സതീശൻ അഭിമുഖം/ Exclusive

'നുള്ളിയിട്ടില്ല, തമാശയ്ക്ക് ചെവിക്ക് പിടിച്ചതാണ്; കുട്ടികളുമായി സംവദിച്ചതാണ്, പൊതുവായന കുറവാണ്'

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കം; റോഡിൽ തലയടിച്ചു വീണയാൾ മരിച്ചു

അമൃതം പൊടിയുടെ 20 ശതമാനം പഞ്ചസാര, മാർഗനിർദേശവുമായി വനിത-ശിശുവികസന വകുപ്പ്

ജന്മദിനങ്ങള്‍ ഇനി 'കളറാക്കാം'; 'ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്