

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ കേസില്‍ നിര്‍ണായക നീക്കവുമായി ജമ്മു കോടതി. നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഹാഫിസ് സയീദിനെ പ്രധാന സൂത്രധാരനായി ചേര്‍ത്തതിന് പിന്നാലെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാക് സൈന്യത്തിന്റെ സംരക്ഷണത്തില്‍ പാകിസ്ഥാനില്‍ കഴിയുന്ന സയീദിന്റെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യാനാണ് കോടതിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. 2019-ല്‍ ഉറിയില്‍ മറ്റൊരു പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 41 സൈനികര്‍ വീരമൃത്യു വരിച്ചതിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. പഹല്‍ഗാം ആക്രമണത്തിന്റെ ആസൂത്രണത്തില്‍ സയീദിനുള്ള പങ്കിനെക്കുറിച്ചുള്ള വിശദാംശങ്ങളും സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച കൂടുതല്‍ ഫോറന്‍സിക് തെളിവുകളും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആദ്യ കുറ്റപത്രം 2025 ഡിസംബറിലാണ് സമര്‍പ്പിച്ചത്. ആക്രമണം നടത്തിയ മൂന്ന് ഭീകരരുടെ പേരുകള്‍ ഇതിലുണ്ടായിരുന്നു. അതേവര്‍ഷം തന്നെ ജൂലൈയില്‍ സൈന്യവും സി.ആര്‍.പി.എഫും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ മഹാദേവ്' എന്ന ദൗത്യത്തില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മൂന്ന് പേരില്‍ 'സുലൈമാന്‍' എന്നറിയപ്പെടുന്നയാള്‍ പാകിസ്ഥാനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിന്നീട് പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചിരുന്നു.
സയീദിനെ പാകിസ്ഥാന്‍ സംരക്ഷിക്കുന്നതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സയീദിന്റെ അഭാവത്തില്‍ വിചാരണ നടപടികളുമായി മുന്നോട്ട് പോകണമെന്ന് കോടതിയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ഹാഫിസ് സയീദിനെ വിചാരണയ്ക്കായി ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ നിയമപരമായ വഴികളും അടഞ്ഞതായി എന്‍ഐഎ കോടതിയെ അറിയിച്ചു. അതിനാല്‍, നീതിന്യായ നടപടികളുമായി മുന്നോട്ട് പോകാന്‍ പുതിയ നിയമപ്രകാരം ഇയാളെ വിചാരണ ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ ഏജന്‍സി വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates