ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ സില്‍ക്യാര തുരങ്കത്തില്‍ 41 തൊഴിലാളികള്‍ 17 ദിവസം കുടുങ്ങിയപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ആശങ്കകള്‍ നിറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പല തവണ അര്‍നോള്‍ഡ് ഡിക്‌സ് എന്ന പേരും മുഖവും പ്രത്യക്ഷപ്പെട്ടു. ഓട്‌സ്‌ട്രേലിയ ആസ്ഥാനമായുള്ള ഭൂഗര്‍ഭ വിദഗ്ധനായ പ്രൊഫ. അര്‍നോള്‍ഡ് ഡിക്‌സ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ ഘട്ടത്തിലും കാര്യങ്ങള്‍ വിശദമായി തന്നെ വിവരിച്ചു. എല്ലാ ആശങ്കകളെയും അകറ്റി ആത്മവിശ്വാസം സ്ഫുരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പലപ്പോഴും തൊഴിലാളികളുടെ കുടുംബത്തിന് ആശ്വാസമായിരുന്നു. ആത്മവിശ്വാസത്തിന്റേയും ആത്മധൈര്യത്തിന്റേയും നെടുംതൂണായി നിന്ന ഡിക്‌സിന്റെ പ്രവര്‍ത്തന മികവ് ചെറിയ രീതിയിലല്ല ഫലം കണ്ടത്.
രക്ഷാപ്രവര്‍ത്തനത്തിന് ശേഷം താനല്ല എല്ലാറ്റിന്റേയും തലച്ചോറെന്നും ഭാഗമാകുക മാത്രമാണ് ചെയ്തതെന്നും ചിലപ്പോള്‍ ബ്രെയിന്‍ സെല്ലില്‍ ഒന്ന് മാത്രമാണ് താനെന്നുമുള്ള ഡിക്‌സിന്റെ മറുപടിയില്‍ ഉണ്ട് അദ്ദേഹത്തിന്റെ പരിശ്രമത്തിന്റേയും വ്യക്തിത്വത്തിന്റേയും ചിത്രം. ഒരൊറ്റ കരിയറില്‍ മാത്രം ഒതുങ്ങുന്നതല്ല ഡിക്‌സിന്റെ ജീവിതം. ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ടണലിങ് ആന്റ് അണ്ടര്‍ഗ്രൗണ്ട് സ്‌പെയ്‌സ് അസോസിയേഷന്റെ പ്രസിഡന്റായ അദ്ദേഹം ജിയോളജിസ്റ്റ്, എഞ്ചിനീയര്‍, അഭിഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. മൂന്ന് ദശകമായി ഈ മേഖലകളില്‍ എല്ലാം ഒരേ ഒരാള്‍ക്ക് തിളങ്ങി നില്‍ക്കാന്‍ കഴിയുകയെന്നത് അത്ര നിരസാരമല്ല. കൗണ്‍സിലറും ശാസ്ത്രജ്ഞനവുമായി യോഗ്യത നേടിയ അര്‍നോള്‍ഡ് ഡിക്‌സ് ഓസ്‌ട്രേലിയയിലെ ഹൈക്കോടതിയുടെ ബാരിസ്റ്ററായി രജിസ്റ്റര്‍ ചെയ്ത നിയമജ്ഞനാണ്.
ഓസ്‌ട്രേലിയയിലെ സിറ്റി മെട്‌പോ അപ്‌ഗ്രേഡ്, എന്‍എഫ്പിഎ സ്റ്റാന്‍ഡേര്‍ഡ് 130 ഫിക്‌സഡ് ഗൈഡ്‌വേ ട്രാന്‍സിറ്റ്, പാസഞ്ചര്‍ റെയില്‍ സിസ്റ്റംസ്, ബ്രിട്ടണിലെ ഹൈ റൈസ് ഹൗസ് ഫയര്‍ റെസ്‌ക്യൂ തുടങ്ങിയ പ്രോജക്ടുകളില്‍ അദ്ദേഹം വഹിച്ച ചുമതലകള്‍ നിര്‍ണായകമായിരുന്നു.
മെല്‍ബണിലെ മോനാഷ് യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സിലും നിയമത്തിലും അദ്ദേഹം ബിരുദം സ്വന്തമാക്കിയിട്ടുണ്ട്. അര്‍നോള്‍ഡ് ഡിക്‌സിന്റെ വെബ് സൈറ്റില്‍ അദ്ദേഹത്തെ 'പ്രഗത്ഭനായ അഭിഭാഷകന്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍, അര്‍നോള്‍ഡ് ഡിക്‌സ് നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പ്രധാനമായും ഭൂഗര്‍ഭ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള വിഷയമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
2016 മുതല്‍ 2019 വരെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയില്‍ (ക്യുആര്‍സിഎസ്) സന്നദ്ധസേവനം നടത്തിയ അദ്ദേഹം അവിടെ വെച്ച് ഭൂഗര്‍ഭ സുരക്ഷയെ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തി. 2020 ല്‍ അര്‍നോള്‍ഡ് ഡിക്സ് ലോര്‍ഡ് റോബര്‍ട്ട് മെയര്‍ പീറ്റര്‍ വിക്കറി ക്യുസിയില്‍ ചേര്‍ന്ന് അണ്ടര്‍ഗ്രൗണ്ട് വര്‍ക്ക് ചേംബറുകള്‍ രൂപീകരിച്ചു. ഭൂഗര്‍ഭ ഇടങ്ങളിലെ സങ്കീര്‍ണ്ണവും നവീനവും നിര്‍ണായകവുമായ വെല്ലുവിളികള്‍ക്ക് സാങ്കേതികവും നിയന്ത്രണപരവുമായ പരിഹാരങ്ങള്‍ നല്‍കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങളില്‍ വൈദഗ്ധ്യം നേടിയിട്ടുള്ള അദ്ദേഹം നിര്‍മാണ മേഖലയിലെ അപകടസാധ്യതാ പ്രദേശങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ പരിഹാരം കണ്ടിട്ടുള്ള പ്രവര്‍ത്തന മികവുണ്ട് അദ്ദേഹത്തിനുണ്ട്. ഭൂര്‍ഗര്‍ഭ നിര്‍മാണവുമായി ബന്ധപ്പെട്ട അപകടമേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരവും നിര്‍ദേശങ്ങളും അദ്ദേഹം നല്‍കാറുണ്ട്. ഭൂഗര്‍ഭ തുരങ്ക നിര്‍മാണത്തില്‍ വൈദഗ്ധ്യം തെളിയിച്ചവരില്‍ മുന്‍നിരയില്‍ തന്നെ ഡിക്‌സും ഉണ്ട്. അപകടം നടന്ന ഉടന്‍ തന്നെ ഡിക്‌സ് സില്‍ക്യാര ടണല്‍ സൈറ്റില്‍ എത്തി പരിശോധന നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിവിധ ഏജന്‍സികളുമായും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.
കൃത്യമായ ആസൂത്രണത്തിന്റേയും കുടുങ്ങിപ്പോയ തൊഴിലാളികളുടെ സുരക്ഷയുടേയും പ്രാധാന്യം ഡിക്‌സ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരോടും സംസ്ഥാന കേന്ദ്ര സര്‍ക്കാരിനോടും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഓരോ സാഹചര്യത്തിലും വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോഴും ആത്മവിശ്വാസം ചോരുന്ന ഘട്ടം പോലും പലപ്പോഴും നേരിടേണ്ടി വന്നു. അപ്പോഴും ഡിക്‌സ് ഉറപ്പോടെ പറഞ്ഞു, ക്രിസ്മസ് ആഘോഷിക്കാന്‍ അവര്‍ നിങ്ങളുടെ വീടുകളിലുണ്ടാകുമെന്ന് തൊഴിലാളികളുടെ കുടുംബത്തോട് പറഞ്ഞു. മാത്രമല്ല വെല്ലുവിളികള്‍ തുടരുമ്പോള്‍ സൂഷ്മമായ വിലയിരുത്തല്‍ അപകടസാധ്യതകള്‍ ഒഴിവാക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.
കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് മാധ്യമങ്ങളോടും രക്ഷാപ്രവര്‍ത്തകരോടും ലോകത്തോടു തന്നെയും ആവര്‍ത്തിച്ച് പറഞ്ഞ് ആത്മധൈര്യം ഉറപ്പിച്ചു. ലോകമെമ്പാടുമുള്ള ടണല്‍ സുരക്ഷക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. 2011 ല്‍ തുരങ്ക നിര്‍മാണത്തിലെ മികവിന് പ്രത്യേകിച്ച് അഗ്നിസുരക്ഷയില്‍ അലന്‍ നെയ്‌ലാന്‍ഡ് ഓസ്ട്രലേഷ്യന്‍ ടണലിങ് സൊസൈറ്റിയുടെ അവാര്‍ഡ് കരസ്ഥമാക്കി. 2022 ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ നാഷണല്‍ ഫയല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ അദ്ദേഹത്തെ കമ്മിറ്റി സേവന അവാര്‍ഡ് നല്‍കി ആദരിച്ചു. 41 തൊഴിലാളികള്‍ തുരങ്കത്തിന് പുറത്തേക്കെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഭരണകൂടത്തിനും സൈന്യത്തിനുമൊപ്പം ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ട വ്യക്തി തന്നെയാണ് അര്‍നോള്‍ഡ് ഡിക്‌സ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates