Justice B Sudershan Reddy  
India

ബിജെപിയുടെ 'തമിഴ്' കാര്‍ഡിന് ബദലായി 'തെലുങ്ക്' കാര്‍ഡുമായി പ്രതിപക്ഷം; ആരാണ് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി?

തമിഴ്‌നാട് സ്വദേശിയായ സി പി രാധാകൃഷ്ണന്‍ ആണ് ഭരണമുന്നണിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഭരണഘടനാ പദവിയിലേക്ക് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യക്കാര്‍ തമ്മില്‍ ഏറ്റുമുട്ടലിന് കളമൊരുങ്ങി. തമിഴ്‌നാട് സ്വദേശിയായ സി പി രാധാകൃഷ്ണന്‍ ആണ് ഭരണമുന്നണിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. ആന്ധ്ര- തെലങ്കാന സ്വദേശിയായ ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ഇതോടെ ബിജെപിയുടെ തമിഴ് കാര്‍ഡിന് തെലുങ്ക് കാര്‍ഡ് മുന്നോട്ടു വെച്ചിരിക്കുകയാണ് പ്രതിപക്ഷം.

ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രമുഖ പാര്‍ട്ടികളായ തെലുങ്കുദേശം പാര്‍ട്ടി ( ടിഡിപി ), വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയപാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രം കൂടി പ്രതിപക്ഷമുന്നണിയുടെ തീരുമാനത്തിലുണ്ട്. നിലവില്‍ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയുടെ സി പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തെലുങ്കനായ സ്ഥാനാര്‍ത്ഥി വരുമ്പോള്‍ എതിര്‍ത്തു എന്ന സമ്മര്‍ദ്ദത്തില്‍പ്പെടുത്താനാണ് പ്രതിപക്ഷ നീക്കം.

ഇന്ത്യയിലെ പ്രഗത്ഭനും പുരോഗമനവാദിയുമായ നിയമജ്ഞരില്‍ ഒരാളാണ് ബി സുദര്‍ശന്‍ റെഡ്ഡിയെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന് ദീര്‍ഘവും പ്രഗത്ഭവുമായ നിയമജീവിതമുണ്ട്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെ ധീരനായ വക്താവാണ്. അദ്ദേഹത്തിന്റെ പല വിധിന്യായങ്ങളും വായിച്ചാല്‍, ദരിദ്രര്‍ക്കുവേണ്ടി എങ്ങനെ നിലകൊണ്ടു, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു, മൗലികാവകാശങ്ങള്‍ സംരക്ഷിച്ചു എന്ന് മനസ്സിലാകും- ഖാര്‍ഗെ പറഞ്ഞു.

ഇപ്പോള്‍ തെലങ്കാനയിലുള്ള രംഗറെഡ്ഡി ജില്ലയില്‍ 1946 ജൂലൈ എട്ടിനാണ് സുദര്‍ശന്‍ റെഡ്ഡിയുടെ ജനനം. ബി.സുദര്‍ശന്‍ റെഡ്ഡി 1971 ഡിസംബര്‍ 27-ന് ആന്ധ്രാപ്രദേശ് ബാര്‍ കൗണ്‍സിലിന് കീഴില്‍ ഹൈദരാബാദില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1988-90 കാലഘട്ടത്തില്‍ ഹൈക്കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായി. 1990ല്‍ ആറുമാസം കേന്ദ്രസര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിങ് കോണ്‍സലായി പ്രവര്‍ത്തിച്ചു. ഉസ്മാനിയ സര്‍വകലാശാലയുടെ ലീഗല്‍ അഡ്വൈസറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായിരുന്നു. 1995-ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2005-ല്‍ ഗുവാഹത്തി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു. 2007-ല്‍ സുപ്രീം കോടതിയില്‍ ജഡ്ജിയായി സ്ഥാനക്കയറ്റം. 2011 ലാണ് ബി സുദര്‍ശന്‍ റെഡ്ഡി സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചത്.

ഗോവയുടെ ആദ്യ ലോകായുക്തയായും സുദര്‍ശന്‍ റെഡ്ഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത് ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ്. പിന്നാക്ക വിഭാഗങ്ങളുടെ കണക്കെടുപ്പിന് തെലങ്കാന മാതൃക തയ്യാറാക്കിയതും ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയാണ്. ബിജെപിയുടെ സി പി രാധാകൃഷ്ണന് പകരം, തമിഴ് നാട്ടില്‍ നിന്നു തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നായിരുന്നു ഡിഎംകെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആ നിര്‍ദേശത്തെ എതിര്‍ത്തു. തുടര്‍ന്നാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയിലേക്ക് നേതാക്കള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

The clash between South Indians in the upcoming presidential election. Who is Justice B Sudershan Reddy?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

ഔദ്യോഗിക മെസ്സേജിങ്ങിന് സ്വന്തം ആപ്പ് വികസിപ്പിച്ച് പാകിസ്ഥാന്‍; ചൈനീസ് മാതൃക

ആറ് നാരങ്ങയും ഏഴു ദിവസവും; കുടവയർ പമ്പ കടക്കും

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

SCROLL FOR NEXT