സുപ്രീംകോടതി file
India

ഇതു പാവപ്പെട്ടവന്റെ ജീവന്റെ പ്രശ്‌നം, എന്തുകൊണ്ടാണ് മിക്ക മരുന്നുകളെയും വില നിയന്ത്രണത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്നത്?; കേന്ദ്രത്തിന് രൂക്ഷവിമര്‍ശനം

എന്തിനാണ് മുഴുവന്‍ സംവിധാനവും മരുന്നുകമ്പനികളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: മരുന്നുവില നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മരുന്ന് നിര്‍മ്മാതാക്കളെ സഹായിക്കുന്ന രീതിയിലാണ് നിലവിലെ സംവിധാനമെന്നും, 90 ശതമാനത്തോളം മരുന്നുകളും എന്തുകൊണ്ടാണ് വിലനിയന്ത്രണ പരിധിയില്‍ (DPCO) വരാത്തതെന്നും കോടതി ചോദിച്ചു. എന്തിനാണ് മുഴുവന്‍ സംവിധാനവും മരുന്നുകമ്പനികളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്നതെന്നും സുപ്രീംകോടതി ആരാഞ്ഞു.

ജീവന്‍രക്ഷാ മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അമിതവില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കൂടുതല്‍ മരുന്നുകളെ വില നിയന്ത്രണ പരിധിയില്‍ കൊണ്ടു വരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഇതു പാവപ്പെട്ടവന്റെ ജീവന്റെ പ്രശ്‌നമാണ്, കച്ചവടമല്ലെന്ന് കോടതി പറഞ്ഞു. ആദ്യം വില ആകാശത്തോളം ഉയര്‍ത്തും. എന്നിട്ട് നേരിയ കുറവു വരുത്തും. ഇതുകൊണ്ടെന്തു പ്രയോജനം?. രാജ്യത്തെ ഏറ്റവും ദരിദ്രരുടെ ജീവിതം കാണണം. പൗരന്മാരുടെ ജീവനേക്കാള്‍ പ്രാധാന്യം സാമ്പത്തിക നയത്തിന് നല്‍കാന്‍ കഴിയുമോയെന്നും സുപ്രീംകോടതി ചോദിച്ചു.

ഇന്ത്യയില്‍ മരുന്നുകള്‍ക്ക് ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. അവശ്യമരുന്നുകളായി ചിലതിനെ മാത്രം തരംതിരിക്കുന്നതിന്റെ മാനദണ്ഡവും സുപ്രീംകോടതി ചോദ്യം ചെയ്തു. കാന്‍സര്‍ മരുന്നുകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ ആറു വര്‍ഷം വേണ്ടി വന്നത് എന്തിനെന്നും കോടതി ചോദിച്ചു.

മരുന്നുവ്യാപാരം വഴി ലഭിക്കുന്ന ലാഭം ആശുപത്രികളുടെ പ്രവര്‍ത്തനച്ചെലവിനാണെന്ന് ആശുപത്രികള്‍ വാദിച്ചു. ഓപ്പറേഷന്‍ തിയേറ്ററുകള്‍, രോഗനിര്‍ണയ ഉപകരണങ്ങള്‍, മുഴുവന്‍ സമയവും ലഭ്യമാക്കേണ്ട മെഡിക്കല്‍ ജീവനക്കാര്‍ എന്നിവയുടെ ചെലവിന് മരുന്നുവില്‍പ്പനയില്‍ ലാഭം ആവശ്യമാണെന്ന് അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജികളില്‍ വിധി പറയാനായി സുപ്രീംകോടതി മാറ്റി.

Why Most Medicines Kept Out Of Price Control Regime?, Supreme Court criticizes the Central Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ചൂട് കൂടുന്നു; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത, ജാഗ്രത

350 ഒഴിവുകൾ, പ്രവൃത്തി പരിചയം വേണ്ട ; എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അവസരം

ആ ഒറ്റ ഇന്നിങ്‌സ് മതിയായിരുന്നു ഇഷാനെ മറികടക്കാന്‍; അഭിഷേക് വീണ്ടും ഒന്നാമത്; രണ്ടാം സ്ഥാനത്ത് പാക് നായകന്‍

'സിനിമ വലിയൊരു അഡിക്ഷനാണ്, അത് ഉപേക്ഷിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്; അക്കാര്യത്തിൽ വിജയ്‌യെ ഞാൻ നമിക്കുന്നു'

പഞ്ചാക്ഷരി മന്ത്രത്തിന്റെ അർഥമെന്ത്?, ആർക്കൊക്കെ ജപിക്കാം?; അറിയാം ഫലം