കൊൽക്കത്ത: നിയമവിരുദ്ധ ഇടപാടുകളിൽ പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ തെളിയിച്ചാൽ തന്നെ പരസ്യമായി തൂക്കിക്കൊല്ലാമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജി. കൽക്കരി കള്ളക്കടത്ത് ഇടപാടിൽ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി നാളെ ഹാജരാകാൻ അഭിഷേക് ബാനർജിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകിയിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് അഭിഷേക് നിലപാട് വ്യക്തമാക്കിയത്.
‘നവംബറിൽ പൊതു യോഗങ്ങളിൽ പറഞ്ഞത് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ഏതെങ്കിലും നിയമ വിരുദ്ധ ഇടപാടിൽ 10 പൈസയുടെ പങ്കാളിത്തം കേന്ദ്ര ഏജൻസിക്ക് തെളിയിക്കാനായാൽ എന്നെ പരസ്യമായി തൂക്കിക്കൊല്ലാം. ഏതു തരത്തിലുള്ള അന്വേഷണവും നേരിടാൻ ഞാൻ തയാറാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് തൃണമൂൽ കോൺഗ്രസിനെ രാഷ്ട്രീയമായി നേരിടാൻ സാധിക്കാത്ത ബിജെപി പ്രതികാരം ചെയ്യുകയാണ്. രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയല്ലാതെ ബിജെപിക്കു വേറെ ജോലിയൊന്നുമില്ല’– അദ്ദേഹം ആരോപിച്ചു.
ബംഗാളിലെ കുനുസ്തോറിയ, കജോറ എന്നിവിടങ്ങളിലെ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് ഖനികളിൽ വൻ തോതിൽ കൽക്കരി കൊള്ളയടിച്ച കേസുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമായി ഇടപാടുകൾ നടത്തിയെന്നാണ് അഭിഷേകിനെതിരെ ഉയർന്ന ആരോപണം. സിബിഐ 2020 നവംബറിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം. നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയ അക്കൗണ്ടുകളിലൊന്നുമായി അഭിഷേകിന്റെ ഭാര്യ രുജിര ബാനർജിക്കു ബന്ധമുണ്ടെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 1ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ രുജിരയ്ക്കും ഇഡി സമൻസ് അയച്ചിരുന്നു. പിന്നാലെയാണ് അഭിഷേകിനോയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates